തിരുവനന്തപുരം: ഇന്ത്യയുടെ അത്യാധുനിക ഭൂനിരീക്ഷണ ഉപഗ്രഹമായ ഹൈസിസും കൂടെ 30 വിദേശ വാണിജ്യ ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചതിനൊപ്പം ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും വിശ്വസ്തനായ പടക്കുതിരയായ പി.എസ്.എൽ.വി റോക്കറ്റ് ഇന്നലെ പുതിയ ചരിത്രം കൂടി കുറിച്ചു. ഭൂമിയിലെ നിയന്ത്രണത്തിന് അനുസൃതമായി പി.എസ്.എൽ.വി ബഹിരാകാശത്ത് പറന്ന് നടന്ന് ദൗത്യങ്ങൾ നിർവഹിച്ചത് നീണ്ട 1.49 മണിക്കൂറാണ്. ഇതാദ്യമായാണ് ഇന്ത്യൻ റോക്കറ്റ് ഇത്രയും നേരം ദൗത്യം നിർവഹിക്കുന്നത്. മലയാളിയായ ആർ. ഹട്ടനാണ് പി.എസ്.എൽ.വിയുടെ മിഷൻ ഡയറക്ടർ.
രാവിലെ 9.57 മിനിട്ട് കഴിഞ്ഞ് 30 സെക്കൻഡും പിന്നിട്ടപ്പോഴാണ് പി.എസ്.എൽ.വി സി- 43 ശ്രീഹരിക്കോട്ടയിലെ ഒന്നാംവിക്ഷേപണത്തറയിൽ നിന്ന് ദൗത്യവുമായി കുതിച്ചുപൊങ്ങിയത്. 17.19 മിനിട്ടിനകം ഭൂമിയിൽ നിന്ന് 645 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ഇന്ത്യയുടെ ഹൈസിസ് ഉപഗ്രഹത്തെ വിക്ഷേപിച്ചു.പിന്നീട് ഉപഗ്രഹങ്ങൾ വഹിക്കുന്ന റോക്കറ്റിന്റെ നാലാംഭാഗമായ പി.എസ്- 4 എൻജിൻ അണച്ചു. മുന്നോട്ട് പോയ റോക്കറ്റ് പിന്നീട് രണ്ടുതവണ ഒാൺ ചെയ്തും ഒാഫ് ചെയ്തും ഭൂമിയിൽ നിന്ന് 504 കിലോമീറ്റർ ഉയരത്തിലുള്ള വിവിധ ഭ്രമണപഥങ്ങളിൽ മുപ്പത് ഉപഗ്രഹങ്ങളെ വിക്ഷേപിക്കുകയായിരുന്നു. ഇതിനെല്ലാമായി ഒരു മണിക്കൂറും 49 മിനിട്ടുമെടുത്തു. വിക്ഷേപിച്ചവയിൽ 23 എണ്ണവും അമേരിക്കയുടേതാണ്. നേരത്തേ പി.എസ്- 4 ഒാഫ് ചെയ്യുകയും ഒാൺചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും വാണിജ്യാവശ്യത്തിനായി ഇത്ര ഫലപ്രദമായി ഇത്രയും ദൈർഘ്യമേറിയ സമയം ഉപയോഗിക്കുന്നത് ഇതാദ്യമാണ്. മനുഷ്യദൗത്യമുൾപ്പെടെയുള്ള ഭാവി പദ്ധതികൾക്ക് ആത്മവിശ്വാസം നൽകുന്നതാണിത്. ഇത് ഒരു ടീം വർക്കിന്റെ നേട്ടമാണെന്ന് പി.എസ്.എൽ.വി ഡയറക്ടർ ആർ. ഹട്ടൻ പറഞ്ഞു.
രാജ്യത്തിന്റെ സൈനികാവശ്യങ്ങൾക്കും കാർഷിക, വനസംരക്ഷണ പദ്ധതികൾക്കും കൂടുതൽ കരുത്തേകുന്നതാണ് 380 കിലോഗ്രാം മാത്രം വലിപ്പമേറിയ ഹൈപ്പർ സ്പെക്ടർ ഇമേജിംഗ് സാറ്റലൈറ്റ് എന്ന ഹൈസിസ് ഉപഗ്രഹം. ഹൈസിസ് ബാംഗ്ളൂരിലെ ടെലിമെട്രി ട്രാക്കിംഗ് കമാൻഡ് നെറ്റ്‌വർക്കിലേക്ക് സന്ദേശവുമയച്ചു. മൂന്ന് ദിവസത്തിനകം ഹൈസിസ് പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. ശിവൻ പറഞ്ഞു.