flood-evacuation

തിരുവനന്തപുരം: പ്രളയ രക്ഷാപ്രവർത്തനം നടത്തിയതിന്റെ ചെലവായി ന്യൂഡൽഹിയിലെ വ്യോമസേനാ ആസ്ഥാനം 34 കോടിയോളം (33,79,77,250) രൂപ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇതും പ്രളയകാലത്ത് അധിക റേഷൻ അനുവദിച്ചതിന് കേന്ദ്രം ആവശ്യപ്പെട്ട തുകയും ചേർത്ത് 290.74 കോടി നൽകേണ്ട സ്ഥിതിയാണ്.പ്രളയ ദുരിതാശ്വാസത്തിനായി രൂപീകരിച്ച സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ ബാക്കിയുള്ളത് മുഴുവൻ കൊണ്ടും ഇത്രയും കൊടുത്തു തീർക്കാനാവില്ല. നിധിയിലേക്ക് 987.73 കോടി രൂപയാണ് ലഭ്യമായത്. ഇതിൽ 586.04 കോടി രൂപ ഇതുവരെ ചെലവായി. 706.74 കോടി രൂപ കൂടി ലഭ്യമായാലേ ഇതുവരെയുള്ള ബാദ്ധ്യത തീർക്കാനാകൂ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സാലറി ചലഞ്ചിലൂടെയടക്കം 2683.18 കോടിയാണ് 27 വരെ ലഭിച്ചത്. ഇതുവരെയുള്ള ചെലവ് 688.48 കോടി രൂപയാണ്. വീടുകളുടെ നാശനഷ്ടം നികത്താൻ സി.എം.ഡി.ആർ.എഫിൽ നിന്ന് 1357.78 കോടി ചെലവ് പ്രതീക്ഷിക്കുന്നു.

ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസികളുടെയും പഠന പ്രകാരം നാശനഷ്ടം 26,718 കോടി രൂപയുടേതും പുനർനിർമ്മാണത്തിന് വേണ്ടത് 31,000 കോടി രൂപയുമാണ്. ഇതിനായി വിവിധ വിഭവ സമാഹരണ രീതികൾ ആവിഷ്‌കരിക്കേണ്ടി വരും. ജനങ്ങളുടെ പരമാവധി സഹായം ഉണ്ടാകണമെന്നും പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച പ്രസ്താവനയിൽ മുഖ്യമന്ത്റി വ്യക്തമാക്കി.