ആറ്റിങ്ങൽ: ചിറയിൻകീഴ് വലിയ ഏലായിലെ രണ്ടേക്കർ തരിശുനിലം പാട്ടത്തിനെടുത്ത് ആറ്റിങ്ങൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയ്ക്ക് നൂറു മേനി വിളവ്. തരിശുരഹിത കേരളത്തിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ പദ്ധതിയിൽ ഓർമ എന്ന വിത്താണ് പാകിയത്. പ്രളയകാലത്ത് ഏറെ പ്രതിസന്ധികൾ നേരിട്ടെങ്കിലും ആത്മവിശ്വാസം കൈവിടാതെ ഇവർ കൃഷി പരിചരിച്ചു. കിഴുവിലം തൊഴിൽസേനയുടെ സഹായത്തോടെ ഇറക്കിയ കൃഷിയിൽ പ്രകൃതിസ്‌നേഹികളായ നാട്ടുകാരും പങ്കാളികളായി. ബുധനാഴ്ച നടന്ന കൊയ്ത്തുത്സവം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജോൺ.സി.കൊട്ടറ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, ജില്ലാപഞ്ചായത്തംഗം ശ്രീകണ്ഠൻ നായർ, ലയൺസ് ക്ലബ് ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റും അമർ ആശുപത്രി എം.ഡിയുമായ ഡോ.പി.രാധാകൃഷ്ണൻ നായർ എന്നിവർ കൊയ്ത്തുത്സവത്തിന് നേതൃത്വം നല്കി.