pinarayi

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സമരം അവസാനിപ്പിച്ച ബി.ജെ.പിയുടെ അനുഭവമാകും യു.ഡി.എഫിനുമുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊതുസമൂഹത്തിന്റെ ബോദ്ധ്യങ്ങൾക്ക് അംഗീകരിക്കാനാവാത്ത നിലപാട് ആര് സ്വീകരിച്ചാലും അധികകാലം നിലനിൽക്കില്ല എന്നതാണ് ബി.ജെ.പിയുടെ അനുഭവത്തിൽ നിന്ന് പഠിക്കേണ്ടത്. അതേ അനുഭവം യു.ഡി.എഫിനുമുണ്ടാവും. യു.ഡി.എഫ് മറിച്ചൊരു നിലപാടെടുത്തിട്ടില്ലല്ലോ എന്ന ചോദ്യത്തിന് ബി.ജെ.പി ഇങ്ങനെയൊരു നിലപാടെടുത്തല്ലോ, ഇനി അവരെന്താണ് എടുക്കുന്നതെന്ന് നമുക്ക് നോക്കാം എന്നായിരുന്നു മറുപടി. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ബി.ജെ.പി സമരം പ്രഖ്യാപിച്ചത് പോലെ യു.ഡി.എഫ് അതിന് തയ്യാറായി വന്നിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോൾ, സാധാരണ നാം കണ്ടുവരുന്നത് ബി.ജെ.പിയുടെ പ്രഖ്യാപനം ആദ്യം വരും, പിന്നാലെ അവരുടെ കൂടെ യു.ഡി.എഫും വരും എന്നതാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയിപ്പോൾ യു.ഡി.എഫും അങ്ങനെ വരുമായിരിക്കും.

ശബരിമലയിൽ സർക്കാർ നിലപാടുകൾ പൊതുവെ സ്വീകരിക്കപ്പെടുന്ന നിലയാണ്. ഓരോ ദിവസവും ശബരിമലയിൽ എത്തിക്കേണ്ടവരെയും സമരത്തിന് നേതൃത്വം നൽകേണ്ടവരെയും വരെ നിശ്ചയിച്ച ബി.ജെ.പിക്ക് ഇപ്പോൾ മാറ്റമുണ്ടായത് നല്ല കാര്യമാണ്. കേരളത്തിന്റെ മതനിരപേക്ഷ മനസ് ഇതൊന്നും അംഗീകരിക്കില്ല എന്നവർക്ക് ബോദ്ധ്യപ്പെട്ടു.

സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ഒരുപാട് സമരങ്ങൾ വരാറുണ്ട്. ഇപ്പോൾ ബി.ജെ.പി ഉപവാസം കിടക്കുന്നതടക്കമുള്ള സമരം പ്രഖ്യാപിച്ചതിൽ തെറ്റ് പറയാനില്ല. എന്നാൽ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ചിലത് ഉന്നയിക്കാവുന്നതാണോയെന്ന് അവർ ആലോചിക്കണം.

നല്ലതോതിൽ സൗകര്യങ്ങളൊരുക്കി

ശബരിമലയിലിപ്പോൾ നല്ല തോതിൽ സൗകര്യങ്ങളൊരുക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലയ്ക്കലിൽ 1020 കക്കൂസുകളും 50 കുളിമുറികളും 230 കിയോസ്കുകളുമുണ്ട്. പമ്പയിൽ 404 കക്കൂസുകളുണ്ട്. സന്നിധാനത്ത് 1043 കക്കൂസുകളും 100 കുളിമുറികളുമുണ്ട്. ഇവിടെ മണിക്കൂറിൽ 25000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാനും 75 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനുമുള്ള സംവിധാനമൊരുക്കി. കഴിഞ്ഞതവണത്തെക്കാൾ സൗകര്യങ്ങൾ കുറവാണെന്ന് ഇനിയാരും പറയില്ല. തുടക്കത്തിൽ സൗകര്യങ്ങൾ കുറഞ്ഞത് സ്വാഭാവികമായിരുന്നു. കാരണം 2017ലുണ്ടായിരുന്ന സൗകര്യങ്ങൾ പലതും പ്രളയത്തിൽ തകർന്നുപോയി.