sabarimala

ശബരിമല: നിലയ്ക്കലിൽ 20,000 പേർക്കുകൂടി വിരിവയ്ക്കാൻ സൗകര്യമൊരുക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.ഇപ്പോൾ 10,000 പേർക്കുള്ള സൗകര്യത്തിന് പുറമേയാണിത്.സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ജനുവരി അവസാനമോ ഫെബ്രുവരിയിലോ ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോടു പറഞ്ഞു.

മഹാകാണിക്ക മണ്ഡപത്തിനും വാവരുനടയ്ക്കും മുന്നിലുള്ള ബാരിക്കേഡുകൾ നീക്കാത്തതിലുള്ള ബോർ‌ഡിന്റെ അതൃപ്തി സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ അദ്ദേഹം ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.ബോർഡ് യോഗം ചേർന്ന് ഇതിൽ വ്യക്തത വരുത്തും.ബാരിക്കേഡ് വച്ചത് ബോർഡല്ല.ആചാരങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനേ ബോർഡിന് അധികാരമുള്ളൂ.ക്രമസമാധാനം നോക്കാനുള്ള ചുമതല പൊലീസിനാണ്.ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസും സർക്കാരും തീരുമാനങ്ങളെടുക്കുന്നത്.

വിശ്വാസികൾക്ക് മനഃസമാധാനത്തോടെ ദർശനം നടത്താൻ അവസരമുണ്ടാവണം എന്നതാണ് ബോർഡിന്റെ നിലപാട്.സ്ത്രീപ്രവേശന വിഷയത്തിൽ ബോർഡിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമലയെ സമാധാനത്തിന്റെ കേന്ദ്രമാക്കുകയാണ് പ്രധാനം.

ബോർഡിന്റെ ക്ഷേത്രങ്ങളിൽ പണമിടരുതെന്നതടക്കമുള്ള കുപ്രചാരണങ്ങൾ നടക്കുന്നുണ്ട്.രാഷ്ട്രീയ കാര്യങ്ങൾക്ക് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതുമൂലം തകരുന്നത് പരമ്പരാഗതമായി നിലനിൽക്കുന്ന ക്ഷേത്രങ്ങളാണ്. ബോർഡിൽ 6000 ജീവനക്കാരും അത്രതന്നെ പെൻഷൻകാരുമുണ്ട്. അവരും ഹിന്ദുക്കളാണ്.അവരുടെ കുടുംബ ജീവിതം തകർക്കണോ. പന്തളത്ത് തേവാരപ്പുരയിൽ അരവണ നിർമിച്ച് ശബരിമലയുടെ പേരിലാണ് വില്പന നടത്തുന്നത്. പന്തളം കൊട്ടാരത്തിന് ഇതുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഓരോ മണ്ഡലകാലം തുടങ്ങുമ്പോഴും മുല്ലപ്പെരിയാർ പോലുള്ള എന്തെങ്കിലും വിവാദം ഉയർത്തിക്കൊണ്ടു വരുന്നത് പതിവാണ്.പലതും ക്ഷമിക്കുമ്പോൾ അത് ദൗർബല്യമായി കാണരുത്.ബോർഡിന് ആരോടും ശത്രുതയില്ല.

ശബരിമല വിഷയത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ''കാനത്തിന്റെ പാർട്ടിക്കാരനാണ് മെമ്പറായ കെ.പി.ശങ്കരദാസ്.50 ശതമാനം കുഴപ്പം പത്മകുമാറിന്റെ ഭാഗത്തുനിന്നുണ്ടെങ്കിൽ 50 ശതമാനം ശങ്കരദാസിന്റെ ഭാഗത്തുനിന്നുമുണ്ടെ'' ന്നായിരുന്നു മറുപടി. കെ.പി.ശങ്കരദാസും സന്നിഹിതനായിരുന്നു.