kurishumuttam

മലയിൻകീഴ് : കരമനയാറ്റിൽ കുണ്ടമൺകടവ് ഭാഗത്ത് കുളിക്കുന്നതിനിടെ മുങ്ങിമരിച്ച പേയാട് പനങ്ങോട് താഴേചിറയ്ക്കൽ സായി നിവാസിൽ അനിൽകുമാർ-ശ്രീജ ദമ്പതികളുടെ മക്കളായ രാഹുൽചന്ദ്രന്റെയും (17)ശരത്ചന്ദ്രന്റെയും(13)സംസ്ക്കാരം നാടിനെ കണ്ണീരിലാഴ്ത്തി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹങ്ങൾ വീട്ടിലെത്തിയപ്പോൾ നാടിനെ നടുക്കുന്ന കൂട്ടനിലവിളിയുയർന്നു.അലമുറയിട്ട് കരഞ്ഞ അച്ഛനെയും അമ്മയേയും ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല.കണ്ടുനിന്നവരും കരഞ്ഞുപോയി. മൃതദേഹങ്ങൾ വൻ ജനാവലിയുടെ അകമ്പടിയോടെയാണ് വീട്ടിലെത്തിച്ചത്. തുടർന്ന് പൊതുദർശനത്തിനുശേഷം വൈകിട്ട് 3.30 ന് ശാന്തികവാടത്തിൽ സംസ്ക്കരിച്ചു

രാഹുൽചന്ദ്രന്റെ ജന്മദിനാഘോഷത്തിന് വീട്ടിലെത്തിയ ഇന്ദ്രജിത്, ആദർശ് ജി.നായർ, ഭരത് എം.പി എന്നിവരുമൊത്ത് രാഹുൽ ചന്ദ്രനും അനുജൻ ശരത്ചന്ദ്രനും കുണ്ടമൺകടവിൽ കുളിക്കാനെത്തിയതായിരുന്നു. കുളിക്കാനിറങ്ങവെ രാഹുലും ശരത്തും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. രാഹുൽചന്ദ്രന്റെ മൃതദേഹം ദുരന്തമുണ്ടായ ചൊവ്വാഴ്ച തന്നെ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ആറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു.ശരത് ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ചയാണ് കണ്ടെത്തിയത്.കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനിൽ പ്ലസ്.ടൂ വിദ്യാർത്ഥിയാണ് രാഹുൽചന്ദ്രൻ.ശരത്ചന്ദ്രൻ പൂജപ്പുര ബേബി ലാന്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും.

(ഫോട്ടോ അടിക്കുറിപ്പ്....രാഹുലിന്റേയും ശരത്തിന്റേയും മൃതദേഹങ്ങൾക്കരികിൽ അലമുറയിടുന്ന മാതാവ് ശ്രീജ).