വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ ദളവാപുരം പാർക്ക് അഡ്വ. ബി.സത്യൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കും. ഒരുകാലത്ത് റേഡിയോ കിയോസ്കിൽ വാർത്തകളും പ്രോഗ്രാമുകളും കേൾക്കുന്നതിന് നാട്ടുകാർ ഒത്തുകൂടുമായിരുന്ന പാർക്ക് പിന്നീട് അവഗണനയിലാവുകയും പാഴ്മരങ്ങൾ വളർന്ന് വൃത്തിഹീനമായ നിലയിലാകുകയും ചെയ്തു. പാർക്കിന്റെ ശോചനീയാവസ്ഥ നേരിട്ട് മനസിലാക്കിയ എം.എൽ.എയുടെ മേൽനോട്ടത്തിൽ കഴിഞ്ഞദിവസം പാഴ് മരങ്ങളും തകർന്ന കൈവരിയും നീക്കം ചെയ്തു. പഴക്കം ചെന്ന റേഡിയോ കിയോസ്ക്ക് പൊളിച്ചുനീക്കി ആധുനിക രീതിയിലുളള സംവിധാനം ഒരുക്കാനും കുട്ടികൾക്കുളള കളിക്കോപ്പുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. മുതിർന്നവർക്കും സ്ത്രീകൾക്കും വിശ്രമസൗകര്യവും ഒരുക്കി റേഡിയോ, ടെലിവിഷൻ എന്നിവ സ്ഥാപിക്കുകയും പത്രവായനയ്ക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി ഇതൊരു മാതൃകാപാർക്കാക്കി മാറ്റുമെന്ന് അഡ്വ. ബി.സത്യൻ എം.എൽ.എ പറഞ്ഞു.