iifk

തിരുവനന്തപുരം:നാല് വനിതാ സംവിധായകരുടെ സാന്നിദ്ധ്യമാണ് ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സരവിഭാഗത്തെ ഇത്തവണ ശ്രദ്ധേയമാക്കുന്നത്. ടക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെ ഡെബ്റ്റ്, എഴുത്തുകാരിയും സംവിധായികയുമായ ബിയാട്രിസ് സൈനറിന്റെ ദി സൈലൻസ്, അർജന്റീനിയൻ നടിയും സംവിധായികയുമായ മോണിക്ക ലൈറാനയുടെ ദി ബെഡ്, ഇന്ത്യൻ നാടകപ്രവർത്തകയായ അനാമിക ഹക്‌സറിന്റെ ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ് എന്നിവയാണ് മത്സര വിഭാഗത്തിലെ പെൺചിത്രങ്ങൾ.

അസുഖബാധിതയായ അയൽക്കാരിയെ സ്വന്തം വീട്ടിൽ സംരക്ഷിക്കാൻ തീരുമാനിക്കുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന ഡെബ്റ്റ് എന്ന ചിത്രം ഇസ്താംബൂൾ രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ടർക്കിഷ് ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. കാൻ ചലച്ചിത്രമേളയിൽ ഡയറക്‌ടേഴ്‌സ് ഫോർട്ട് നൈറ്റ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ദി സൈലൻസ് കൊളംബിയൻ ആഭ്യന്തര കലാപത്തെ തുടർന്ന് പലായനം ചെയ്യുന്ന ഒരമ്മയുടേയും രണ്ട് കുട്ടികളുടേയും ജീവിതത്തിലുണ്ടാകുന്ന അസാധാരണ സംഭവങ്ങളെ ചിത്രീകരിക്കുന്നു. ഏഷ്യയിലെ ആദ്യപ്രദർശനത്തിനൊരുങ്ങുന്ന അർജന്റീനിയൻ ചിത്രമായ ദി ബെഡ് വീട് വിട്ട് പുറപ്പെടാനൊരുങ്ങുന്ന മധ്യവയസ്‌കരായ ദമ്പതിമാരുടെ അവസാന നിമിഷങ്ങൾ ഇതിവൃത്തമാക്കുന്നു. പുരാതന ദില്ലിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിനെയും പ്രതീക്ഷകളേയും പ്രമേയമാക്കുന്ന ടേക്കിംഗ് ദ ഹോഴ്‌സ് ടു ഈറ്റ് ജിലേബീസിന് അനാമിക ഹസ്‌കറുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയുമുണ്ട്.