തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് പരാതികൾ അറിയിക്കാനും സേവനം നൽകാനുമായി സിറ്റി പൊലീസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പർ തുടങ്ങി. കൺട്രോൾ റൂമിലാണ് ടോൾ ഫ്രീ നമ്പർ കാൾ സെന്റർ പ്രവർത്തിക്കുന്നത്. ഇതിനായി പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ് അറിയിച്ചു. 180059911111 എന്നതാണ് ടോൾ ഫ്രീ നമ്പർ. ടോൾ ഫ്രീ നമ്പർ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. നേരിട്ട് രജിസ്റ്റർ ചെയ്യാത്ത മുതിർന്ന പൗരന്മാരുടെ വിവരങ്ങളും പരാതികളും, സ്റ്റേഷനുകളിലെ ഹെൽപ്പ് ഡെസ്‌ക് വഴി ശേഖരിച്ച് സീനിയർ സിറ്റിസൺ വെബ് പോർട്ടലിൽ ഉൾപ്പെടുത്തി സേവനങ്ങൾ ലഭ്യമാക്കുമെന്നും കമ്മിഷണർ അറിയിച്ചു.
അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിൽ പോകാനും വൈദ്യസഹായത്തിനും ബന്ധപ്പെടാം
ലോക്കൽ പൊലീസ് സ്റ്റേഷനുകളിലെ ജനമൈത്രി സി.ആർ.ഒമാരെ അറിയിച്ച് ഉടൻ നടപടി
സീനിയർ സിറ്റിസൺ വെബ്‌പോർട്ടലും ഉടൻ പ്രവർത്തനം തുടങ്ങും
മുതിർന്ന പൗരന്മാർക്ക് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും പരാതികൾ അയയ്ക്കാനും സാധിക്കും
പരാതികൾ അതത് സ്റ്റേഷനുകളിലേക്ക് കൈമാറും
പരാതികൾക്ക് ഉടൻ നടപടി