തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 6 വിമാനത്താവളങ്ങൾ സ്വകാര്യവ്യക്തികൾക്ക് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ദില്ലി, മുംബയ് എയർപോർട്ടുകൾ നേരത്തെ തന്നെ ബി.ജെ.പി സർക്കാർ സ്വകാര്യ മേഖലയ്ക്ക് നൽകിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ് ധൃതിപിടിച്ചുള്ള തീരുമാനം.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ 6 വർഷത്തെ കണക്കെടുത്താൽ യാത്രക്കാരുടെ എണ്ണത്തിൽ 100ശതമാനം വർദ്ധനവാണുണ്ടായത്. 30ശതമാനം വാർഷിക വളർച്ചയുള്ള വിമാനത്താവളമാണിത്. 600 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് എയർപോർട്ട് അതോറിട്ടി അംഗീകാരം നൽകി മുന്നോട്ടു പോവുകയാണ്. 18 ഏക്കർ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകി വികസന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം. ഏത് കാലാവസ്ഥയിലും വിമാനമിറങ്ങാൻ കഴിയുന്ന രാജ്യത്തെ തന്നെ മികച്ച വിമാനത്താവളത്തെയാണ് സ്വകാര്യവത്ക്കരിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.