തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും അവസാന മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ സെക്രട്ടറിയും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായിരുന്ന കെ. ഉണ്ണികൃഷ്ണ വാര്യർ (കെ.യു. വാര്യർ- 90) നിര്യാതനായി.
പാലക്കാട് ചെർപ്പുളശ്ശേരിയിലെ തൃക്കടീരിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: അമ്മു. മക്കൾ: സന്തോഷ്, സതീഷ്.
1952ൽ ദേശാഭിമാനി ലേഖകനായാണ് പത്രപ്രവർത്തനം ആരംഭിച്ചത്. 1962 മുതൽ ഡൽഹിയിൽ ന്യൂ ഏജ്, മെയിൻ സ്ട്രീം, ശങ്കേഴ്‌സ് വീക്കിലി എന്നിവയിൽ പ്രവർത്തിച്ചു. 1974 വരെ ജനയുഗത്തിന്റെ ഡൽഹി ലേഖകനായിരുന്നു.
ഇന്ത്യാ പ്രസ് ഏജൻസിയുടെ റിപ്പോർട്ടറായി 1985 വരെ പ്രവർത്തിച്ച അദ്ദേഹം തുടർന്ന് കാബൂളിലെത്തി. സോവിയറ്റ് പിന്തുണയോടെ മുഹമ്മദ് നജീബുള്ള അഫ്ഗാനിസ്ഥാൻ പ്രസിഡന്റായി അധികാരത്തിലെത്തിയതിനെ തുടർന്നായിരുന്നു കാബൂൾ ടൈംസിന്റെ പത്രാധിപരുടെ ചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്.
തുടർന്ന് തിരുവനന്തപുരത്തെത്തിയ അദ്ദേഹം നവയുഗത്തിന്റെ പത്രാധിപരായി, ലോക മാർക്‌സിസ്റ്റ് റിവ്യു മലയാളം എഡിഷന്റെ അസിസ്റ്റന്റ് എഡിറ്ററായി ദീർഘനാൾ പ്രവർത്തിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിലിൽ ക്ഷണിതാവായിരുന്നു.