വിഴിഞ്ഞം: വെള്ളി ആഭരണം വാങ്ങാനെത്തിയ വിരുതർ സ്വർണവുമായി മുങ്ങി. വിഴിഞ്ഞം ജംഗ്ഷനിലെ മുരുകന്റെ അഭിലാഷ് ജുവലറിയിൽ നിന്നാണ് പട്ടാപ്പകൽ ജീവനക്കാരനെ കബളിപ്പിച്ച് സ്വർണവുമായി മുങ്ങിയത്. ഇന്നലെ രാവിലെ 9.30 ഓടെ ആയിരുന്നു സംഭവം. രണ്ടു യുവാക്കൾ രാവിലെ ജുവലറിയിൽ എത്തി വെള്ളിയിലെ ആൾരൂപം ആവശ്യപ്പെട്ടു. ഇത് വാങ്ങിയ ശേഷം 100 രൂപ നൽകി. തുടർന്ന് ബ്രേസ്‌ലെറ്റ് ആവശ്യപ്പെട്ടു. ബ്രേസ്‌ലെറ്റുകൾ അടങ്ങിയ പിൻ എടുത്ത് ഇവർക്കു നൽകുകയും ചെയ്തു. ജീവനക്കാരന്റെ ശ്രദ്ധ മറിയതോടെ പഴയ സ്വർണം വീട്ടിൽ ഉണ്ടെന്നും എടുത്തിട്ട് വരാമെന്നു പറഞ്ഞ് ഇവർ മുങ്ങുകയായിരുന്നു. പിന്നീടാണ് സ്വർണം നഷ്ടപ്പെട്ട വിവരം കടക്കാർ അറിയുന്നത്. 7 ബ്രേസ്‌ലെറ്റും 2 കൊലുസും ഉൾപ്പെടെ ആറരപ്പവന്റെ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സ്റ്റേഷന് സമീപത്തെ കടയിലെ സിസി ടിവി പരിശോധിച്ചെങ്കിലും യുവാക്കളുടെ രൂപം വ്യക്തതയില്ലായിരുന്നു. എന്നാൽ മുക്കോല ജംഗ്ഷനു സമീപത്തെ സിസി ടിവി പരിശോധിച്ചതിൽ ഈ യുവാക്കൾ ബൈക്കിൽ ബാലരാമപുരം ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹന നമ്പർ ലഭിച്ചില്ല. വിരലടയാള വിദഗ്ദ്ധരും വിഴിഞ്ഞം പൊലീസും തെളിവുകൾ ശേഖരിച്ചു. കടയിലെ സി സി ടിവി ദിവസങ്ങൾക്ക് മുൻപ് കേടായതായി കടയുടമ പറഞ്ഞു. പ്രതികൾക്കു വേണ്ടി അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം സി.ഐ ബൈജു.എൽ.എസ്.നായർ പറഞ്ഞു.