തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച ഉന്നതതല സമിതിയോഗം ഉടൻ ചേർന്ന് സംസ്ഥാനത്തിന് പ്രളയദുരിതാശ്വാസ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
പ്രളയനഷ്ടം സംബന്ധിച്ച് സംസ്ഥാനം രണ്ട് നിവേദനങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. നഷ്ടം വിലയിരുത്തുന്നതിന് രണ്ട് കേന്ദ്ര സംഘങ്ങൾ സംസ്ഥാനം സന്ദർശിച്ചു. എന്നാൽ ഉന്നതതല സമിതി യോഗം ചേർന്ന് കേന്ദ്ര സംഘങ്ങളുടെ റിപ്പോർട്ട് പരിഗണിച്ചിട്ടില്ല. ഉന്നതതല സമിതി അവസാന തീരുമാനമെടുത്തെങ്കിലേ കേരളത്തിന് സഹായം ലഭിക്കൂ.
രണ്ട് നിവേദനങ്ങളിലായി 5,616 കോടി രൂപയുടെ സഹായമാണ് ചോദിച്ചത്. ദേശീയ ദുരന്തപ്രതികരണ നിധിയിൽ നിന്ന് 2,000 കോടി രൂപ അടിയന്തര സഹായമായും ചോദിച്ചു. എന്നാൽ 600 കോടി മാത്രമാണ് എൻ.ഡി.ആർ.എഫിൽ നിന്ന് അനുവദിച്ചത്. അതേസമയം, കേന്ദ്രസഹായം കിട്ടാത്തതിൽ നിരാശപ്പെടാറായിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താലേഖകരോട് പ്രതികരിച്ചു. ഒന്നുകൂടി ശ്രമിക്കാം. നമുക്ക് കിട്ടേണ്ട സഹായം പലതും കിട്ടാതെ പോയിട്ടുണ്ടെന്നത് ശരിയാണ്. വിദേശ സഹായം സ്വീകരിക്കാനായില്ല. വിദേശത്തുപോയി സഹായം സ്വീകരിക്കാനുള്ള അവസരവും കിട്ടിയില്ല. അതിലൂടെ ആയിരക്കണക്കിന് കോടി കിട്ടാതായിട്ടുണ്ട്. അതെല്ലാം കണക്കാക്കി കേന്ദ്രം തരുമായിരിക്കും. അതിനാൽ നമുക്ക് കാത്തിരിക്കാം.
വ്യോമസേനയുടെ തുക
പിൻവലിക്കാൻ ആവശ്യപ്പെടില്ല
രക്ഷാപ്രവർത്തനം നടത്തിയ വ്യോമസേന ആവശ്യപ്പെട്ട തുക പിൻവലിക്കണമെന്ന് ആവശ്യപ്പെടില്ല. സൈനികർ നല്കിയ മികച്ച സേവനത്തിനാണ് സർക്കാർ അവരെ ആദരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.