തിരുവനന്തപുരം: ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രശംസ നേടിയ 'ഡാർക്ക് ഈസ് ദ നൈറ്റ്' ഉൾപ്പെടെ നാല് ചിത്രങ്ങൾ ജൂറി വിഭാഗത്തിൽ പ്രദർശിപ്പിക്കും. 'മുഹമ്മദ്: ദ മെസെഞ്ജർ ഒഫ് ഗോഡ്', 'ഹൈവേ', 'വട ചെന്നൈ' എന്നിവയാണ് മറ്റ് ജൂറി ചിത്രങ്ങൾ.
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ വില്ലേജ് റോക്ക്സ്റ്റാർസിന്റെ സംവിധായിക റിമ ദാസിന്റെ പുതിയ ചിത്രമായ ബുൾബുൾ കാൻ സിംഗ് പോട്ട്പുരി ഇന്ത്യ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ലിംഗബോധവുമായി സമരസപ്പെടുന്ന മൂന്ന് കൗമാരക്കാരുടെ ജീവിതം പ്രമേയമാക്കിയതാണിത്. മികച്ച നവാഗത സംവിധായകൻ, മികച്ച ജസരി ഭാഷാ ചിത്രം എന്നീ വിഭാഗങ്ങളിൽ ദേശീയ പുരസ്‌കാരം നേടിയ പാമ്പള്ളിയുടെ സിൻജാർ, പ്രിയ രമാസുബ്ബന്റെ ലഡാക്കി ചിത്രമായ ചുസ്‌കിറ്റ്, ബോബി ശർമ്മ ബറുവയുടെ ദി അപ്പാരിഷൻ, അരൂപ് മന്നയുടെ അസമീസ് ചിത്രമായ ദി ക്വസ്റ്റ്, റിതുസരിൻ, ടെൻസിംഗ് സോനം എന്നിവരുടെ ടിബറ്റൻ ചിത്രമായ ദി സ്വീറ്റ് റെക്വിം തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തിലുണ്ട്.