fire

കല്ലറ: കല്ലറയിൽ ഗ്യാസ് ഏജൻസിക്ക് സമീപം തടിമില്ലിന്ന് തീപിടിച്ചു. യഥാസമയം തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കല്ലറ - കാട്ടുംപുറം റോഡിൽ പള്ളിമുക്കിന് സമീപമുള്ള സുഹൈൽ സാമില്ലിൽ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. കല്ലറ പാകിസ്ഥാൻ മുക്ക് സ്വദേശി അബ്ദുൽ വഹാബാണ് തടിമില്ല് വാടകയ്ക്ക് നടത്തിവരുന്നത്. തടിയറുക്കുന്ന യന്ത്ര സാമഗ്രികളും അറുത്ത് വച്ചിരുന്ന തടി ഉരുപ്പടികളും നശിച്ചു. മേൽക്കൂരയിലേക്ക് തീ പടരുംമുമ്പ് അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തടി മില്ലിനോട് ചേർന്നാണ് എച്ച്.എം.ടി ഭാരത് ഗ്യാസ് ഏജൻസി. നാട്ടുകാർക്കൊപ്പം വെഞ്ഞാറമൂട്, കടയ്ക്കൽ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും പാങ്ങോട് പൊലീസും ചേർന്ന് ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. സംഭവത്തിൽ ദുരൂഹതയുള്ളതായി ഉടമ വഹാബ് പൊലീസിനോട് പറഞ്ഞു.