devaswom-board-members

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കെ. രാഘവൻ വിരമിച്ച ഒഴിവിലേക്ക് പട്ടികജാതി വിഭാഗം അംഗമായി തിരുവനന്തപുരത്ത് നിന്നുള്ള അഡ്വ. എൻ. വിജയകുമാർ തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം നോമിനിയാണ്. മലബാർ ദേവസ്വംബോർഡിലെ രണ്ട് ഒഴിവുകളിലേക്ക് ഒ.കെ. വാസുവും (സി.പി.എം), പി.പി. വിമലയും (സി.പി.ഐ) തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ നിയമസഭയിലെ ഹിന്ദു അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ 11 വോട്ടുകൾ വീതവും ഇടത് സ്ഥാനാർത്ഥികൾ 61 വോട്ടുകൾ വീതവും നേടി. രഹസ്യ ബാലറ്റ് വഴിയായിരുന്നു വോട്ടെടുപ്പ്. തിരുവിതാംകൂർ ദേവസ്വംബോർഡിലേക്ക് പ്രിയംവദയും മലബാർ ദേവസ്വം ബോർഡിലേക്ക് പടന്നയിൽ പ്രഭാകരൻ, കെ. രാമചന്ദ്രൻ എന്നിവരുമായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥികൾ. കൊച്ചി ദേവസ്വംബോർഡിലേക്ക് എം.കെ. ശിവശങ്കരൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ കെ. ശശിധരൻ നായർ ആയിരുന്നു വരണാധികാരി.

സെക്രട്ടേറിയറ്റിൽ അഡിഷണൽ സെക്രട്ടറിയായിരുന്ന വിജയകുമാർ തിരുവനന്തപുരം ബാറിൽ അഭിഭാഷകനാണ്. വിവരാവകാശ കമ്മിഷൻ സെക്രട്ടറിയായിരിക്കെ സർവീസിൽ നിന്ന് വിരമിച്ചു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്നു. പട്ടികജാതി ക്ഷേമസമിതി ജില്ലാ വൈസ് പ്രസിഡന്റ്, പ്രീപ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ, അയ്യങ്കാളി ട്രസ്റ്റ് ഓർഗനൈസിംഗ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് 2005ൽ ഉമ്മൻചാണ്ടി ഭരണകാലത്ത് സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട ആറ് പേരിലൊരാളാണ്. വി.എസ് സർക്കാർ തിരിച്ചെടുത്തു. ഭാര്യ റീജ തങ്കച്ചി ആറ്റിങ്ങൽ കോടതിയിൽ ശിരസ്തദാർ ആണ്. മക്കൾ അഞ്ജന വിജയൻ, ആശ വിജയൻ.

ഗണേശും വിജയദാസും എത്തിയില്ല, ബൽറാം വോട്ട് ചെയ്തില്ല

ഭരണപക്ഷത്ത് നിന്ന് സി.പി.എം അംഗം കെ.വി. വിജയദാസും കേരള കോൺഗ്രസ്- ബി അംഗം കെ.ബി. ഗണേശ് കുമാറും വോട്ടെടുപ്പിനെത്തിയില്ല. വിജയദാസ് കർഷകസംഘത്തിന്റെ പരിപാടിയുമായി ഡൽഹിയിലാണ്. ഗണേശ്കുമാർ ഒഴിച്ചുകൂടാനാവാത്ത മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ എത്തിയില്ലെന്നാണ് വിശദീകരണം.

അതേസമയം, കോൺഗ്രസ് അംഗം വി.ടി. ബൽറാം സ്ഥലത്തുണ്ടായിട്ടും വോട്ട് ചെയ്യാനെത്തിയില്ല. ഹിന്ദു അംഗമായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും വോട്ടെടുപ്പിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ച് കത്ത് നൽകിയിരുന്നു. എന്നാൽ സാങ്കേതികമായി അതിന് കഴിയില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വിശദീകരിച്ചു. രഹസ്യ ബാലറ്റായതിനാൽ വിപ്പ് ഇല്ലായിരുന്നത് ബൽറാമിന് വിട്ടുനിൽക്കാൻ സൗകര്യവുമായി.