pinarayi

തിരുവനന്തപുരം: പണമില്ലാത്തതുകൊണ്ട് ആർക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെഡിക്കൽ കോളേജ് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയുടെ ഗുണനിലവാരവും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി സർക്കാർ വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിനെയും അനുബന്ധ സ്ഥാപനങ്ങളെയും ലോകോത്തര നിലവാരത്തിലേക്കുയർത്തി ജനസൗഹൃദമാക്കാൻ 717 കോടി രൂപയുടെ വികസനപദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. അതിന്റെ ആദ്യഘട്ടമായി 58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ അഭിമാനകരമായ നേട്ടങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉണ്ടാക്കാൻ സാധിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി. മേയർ വി.കെ. പ്രശാന്ത്, കൗൺസിലർ എസ്.എസ്. സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ.റംല ബീവി, നോർക്ക വൈസ് ചെയർമാൻ കെ. വരദരാജൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദ്, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്.എ.ടി ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മയായ സാത്തീസിന്റെ സംഭാവന 10 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി.