crime-branch

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ കാഷ്വാലിറ്രി മെഡിക്കൽ ഓഫീസറായ കെ. പ്രതിഭ സർക്കാരിനും, വനിതാ കമ്മീഷനും നൽകിയ പരാതികൾ കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. കഴിഞ്ഞ ഏപ്രിൽ 16ന് കണ്ണൂർ ടൗൺ പ്രിൻസിപ്പൽ എസ്.എെ ശ്രീജിത് കൊടേരി മോശമായി പെരുമാറിയെന്നും​ കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു പരാതി. കണ്ണൂർ പൊലീസ് ആസ്ഥാനത്തും,​ ഡി.ജി.പിക്കും,​ മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടതോടെ പരാതി അട്ടിമറിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചീഫ് സെക്രട്ടറിക്ക് കൈമാറിയ പരാതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെ ക്രൈംബ്രാ‌ഞ്ചിന് കൈമാറിയത്. ആരോഗ്യ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥ പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചതായും നിലവിൽ ചികിത്സയുടെ ഭാഗമായി തിരുവനന്തപുരത്ത് താമസിക്കുന്നതിനാൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് മൊഴി നൽകാനുള്ള നടപടി സ്വീകരിക്കാൻ ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ രേഖാമൂലം സമീപിച്ചതായും പ്രതിഭ അറിയിച്ചു.