ranji-trophy-cricket
RANJI TROPHY CRICKET

തിരുവനന്തപുരം : തുമ്പയിൽ മദ്ധ്യപ്രദേശിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ കേരളം തോൽവിയിലേക്ക് കൂപ്പുകുത്താനൊരുങ്ങുന്നു.

ആദ്യ ഇന്നിംഗ്സിൽ വെറും 63 റൺസിന് ആൾ ഒൗട്ടായ കേരളം രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് ദുരന്തത്തിന്റെ സൂചനകൾ നൽകിയതോടെയാണ് വലിയ തോൽവിയിലേക്ക് നീങ്ങുന്നത്. മത്സരത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ മദ്ധ്യപ്രദേശ് 328 റൺസിൽ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചിരുന്നു.

റൺസിന്റെ 265 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് സന്ദർശകർ നേടിയത്. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം രണ്ടാംദിവസം കളിനിറുത്തുമ്പോൾ 38/4 എന്ന നിലയിലാണ്. ഇപ്പോൾ 227 റൺസ് പിന്നിലാണ് കേരളം.

ഇന്നലെ 161/2 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച മദ്ധ്യപ്രദേശിന് വേണ്ടി യാഷ് ദുബെ (79), നമാൻ ഒാജ (79), രജത് പാട്ടീദാർ (73) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. കേരളത്തിനുവേണ്ടി കളിക്കുന്ന മദ്ധ്യപ്രദേശുകാരൻ ജലജ് സക്‌സേന നാലുവിക്കറ്റ് വീഴ്ത്തി. സന്ദീപ് വാര്യർക്കും ബേസിൽ തമ്പിക്കും രണ്ട് വിക്കറ്റ് വീതം ലഭിച്ചു. കെ.സി. അക്ഷയ് ഒരു വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളത്തിന് അരുൺ കാർത്തിക് (4), ജലജ് സക്‌സേന (1), രോഹൻ പ്രേം (0), അക്ഷയ് ചന്ദ്രൻ (2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 20 റൺസുമായി ക്യാപ്ടൻ സച്ചിൻ ബേബിയും ഒൻപത് റൺസുമായി വി.എ. ജഗദീഷുമാണ് കളി നിറുത്തുമ്പോൾ ക്രീസിൽ.