തിരുവനന്തപുരം : ഒരുകൊല്ലംമുമ്പ് അഫിലിയേഷൻ റദ്ദാക്കിയിട്ടും തുടർ നടപടികൾ എടുക്കാതെ കൈയും കെട്ടിയിരുന്ന സംസ്ഥാന സ്പോർട്സ് കൗൺസിൽ ഒടുവിൽ കേരള വോളിബാൾ അസോസിയേഷനെ നിയന്ത്രിക്കാൻ അഡ്ഹോക്ക് കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചു.
സംസ്ഥാനത്തെ വോളിബാൾ താരങ്ങളുടെ സ്പോർട്സ് ക്വാട്ട ജോലിയും വിദ്യാഭ്യാസ അവസരങ്ങളും അസോസിയേഷൻ ഭാരവാഹികളുടെ തെറ്റുകളുടെ പേരിൽ നഷ്ടപ്പെടാതിരിക്കാനാണ് താത്കാലിക ഭരണസമിതിയുണ്ടാക്കുന്നതെന്ന് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ അറിയിച്ചു.
അഴിമതിയും വിജിലൻസ് കേസുകളും നേരിടുന്ന വോളിബാൾ അസോസിയേഷന്റെ നേതൃസ്ഥാനങ്ങളെ ചൊല്ലി നേരത്തെ വിവാദങ്ങളുണ്ടായിരുന്നു. സ്പോർട്സ് കൗൺസിൽ ഇടപെട്ട് വീണ്ടും ഇലക്ഷൻ നടത്തിയപ്പോഴും പഴയ ഭാരവാഹികൾ തന്നെ തലപ്പത്തെത്തുകയും ചെയ്തു. നിയമത്തെ അട്ടിമറിക്കാൻ പുതിയ തസ്തികകൾ സൃഷ്ടിച്ച് അവരെ കുടിയിരുത്തുകയായിരുന്നു. ഇതിനു ശേഷം വോളിബാൾ അസോസിയേഷൻ ബൈലായിൽ സ്പോർട്സ് ആക്ടിനു കടകവിരുദ്ധമായി മാറ്റംവരുത്തി.
അസോസിയേഷനെ വിലക്കിയതിന് ശേഷമാണ് കോഴിക്കോട്ട് ദേശീയ ചാമ്പ്യൻഷിപ്പ് നടത്തിയത്. താത്കാലിക ഭാരവാഹികളെ നിശ്ചയിച്ച് ആരോപണവിധേയർ മാറിയെന്ന ധാരണ സൃഷ്ടിച്ച ശേഷം സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെയാണ് ചാമ്പ്യൻഷിപ്പ് നടത്തിയത്. എന്നാൽ ആരോപണ വിധേയർ ദേശീയ ഫെഡറേഷന്റെ ഭാരവാഹികൾ എന്ന പേരിൽ ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൗൺസിൽ അവിടെയും അപഹാസ്യരായി.
അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികൾ ആരായിരിക്കുമെന്ന് കൗൺസിൽ അറിയിച്ചിട്ടില്ല. അതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളൂ എന്നാണ് അറിയാൻ കഴിയുന്നത്.
വോട്ട് പിടിക്കാൻ കൂടെക്കൂട്ടി
വിലക്കിലുള്ള അസോസിയേഷനിലെ അഴിമതി ആരോപണ വിധേയനായ ഭാരവാഹിയെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സ്വന്തം പാനലിൽ മത്സരിപ്പിക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ തീരുമാനിച്ചത് വിവാദമായിരുന്നു.
. കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡംഗം രഞ്ജിത്ത് ട്രഷററായി മത്സരിച്ച പാനലിൽ വൈസ് പ്രസിഡന്റായാണ് വോളി ഭാരവാഹിയെ നിറുത്തിയത്.
. ഇൗ പാനലിന് വോട്ടുപിടിക്കാൻ വേണ്ടി കൗൺസിൽ കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ഇദ്ദേഹത്തിന് പ്രസംഗിക്കാൻ അവസരം നൽകിയതും വിവാദമായിരുന്നു.
. ഇലക്ഷൻ വിജയിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായി എന്നതിന്റെ പേരിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.