തുടർച്ചയായ നാലാം തവണയും ലോക
ചെസ് കിരീടം സ്വന്തമാക്കി
മാഗ്‌നസ് കാൾസൺ
ലണ്ടൻ : തുടർച്ചയായ 12 സമനിലകൾക്കൊടുവിൽ മാഗ്‌നസ് കാൾസൺ ലോക ചെസ് ചരിത്രത്തിൽ രാജാവിന്റെ സ്ഥാനത്തേക്ക് ഒരിക്കൽകൂടി അവരോധിക്കപ്പെട്ടു.
ലണ്ടനിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ അമേരിക്കൻ താരം ഫാബിയാന കരുവാനയെ ടൈബ്രേക്കറിൽ കീഴടക്കിയാണ് കാൾസൺ നാലാം തവണയും ചതുരംഗക്കളത്തിലെ കിംഗായത്. 12 റൗണ്ടുള്ള ചാമ്പ്യൻഷിപ്പിലെ എല്ലാ മത്സരങ്ങളും സമനിലയിൽ പിരിഞ്ഞതോടെയാണ് ടൈബ്രേക്കർ വേണ്ടി വന്നത്. ടൈബ്രക്കേറിൽ വിജയം നേടാൻ കാൾസണ് വലിയ പ്രയാസമുണ്ടായിരുന്നില്ല. ടൈബ്രേക്കറിലെ ആദ്യ ഗെയിം ഫോർമാറ്റായ റാപ്പിഡ് ചെസിൽ തന്നെ വിശ്വവിജയിയെ പ്രഖ്യാപിക്കപ്പെട്ടു.
റാപ്പിഡ് റൗണ്ടിൽ നാല് മത്സരങ്ങളാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ ആദ്യ മൂന്ന് മത്സരങ്ങളും കാൾസൺ വിജയിച്ചതോടെ വിശ്വജേതാവായി പ്രഖ്യാപിക്കപ്പെട്ടു. റാപ്പിഡ് ചെസിൽ കാൾസന്റെ വേഗതയാർന്ന നീക്കങ്ങളാണ് വിജയത്തിലേക്ക് വഴി തുറന്നത്. ഇൗമാസം 9 നാണ് ലണ്ടനിൽ ലോക ചാമ്പ്യൻഷിപ്പ് തുടങ്ങിയത്.
2013 മുതൽ ലോക ചാമ്പ്യനാണ് കാൾസൺ.
2013 ൽ ചെന്നൈയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിനെ കീഴടക്കിയാണ് കാൾസൺ ആദ്യമായി ലോക ജേതാവാകുന്നത്.
2014 ലെ ലോക ചാമ്പ്യൻഷിപ്പിലും കാൾസൺ കീഴടക്കിയത് ആനന്ദിനെയാണ്.
2016 ലെ ലോക ചാമ്പ്യൻഷിപ്പിൽ സെർജി കർയാക്കിനായിരുന്നു കാൾസന്റെ എതിരാളി.
ജന്മദിന സമ്മാനം
1990 നവംബർ 30ന് നോർവിജിയയിലാണ് കാൾസന്റെ ജനനം.
ചെറുപ്പത്തിൽത്തന്നെ ചെസിൽ ആകൃഷ്ടനായ കാൾസൺ 2002 ൽ ലോക അണ്ടർ 12 ചാമ്പ്യൻഷിപ്പിൽ ജേതാവായാണ് വരവറിയിച്ചത്.
13-ാം വയസിൽ ഗ്രാൻഡ് മാസ്റ്ററായി.. 15-ാം വയസിൽ നോർവിജിയൻ ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവായി.
23-ാം വയസിലാണ് ആദ്യമായി ലോക ചാമ്പ്യനായത്.
''ഞാൻ നേരിട്ട എതിരാളികളിൽ ഏറ്റവും ശക്തനായ എതിരാളിയായിരുന്നു ഫാബിയാനോ കരുവാന. വളരെ കടുപ്പമേറിയ പോരാട്ടമാണ് ഇക്കുറി നടന്നത്."
-കാൾസൺ
1972 ലെ ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്റെ ബോറിസ് സ്‌പാസ്കിയെ കീഴടക്കി ലോക കിരീടം നേടിയശേഷം ആദ്യമായി കിരീടമണിയുന്ന അമേരിക്കക്കാരനാകാനുള്ള അവസരമാണ് കരുവാനയ്ക്ക് നഷ്ടമായത്.