നെയ്യാറ്റിൻകര: അലങ്കാരങ്ങളും ആർഭാടങ്ങളും മേളപ്പെരുക്കവുമില്ലാതെ നെയ്യാറിന്റെ മണ്ണിലെ കൗമാര കലാമേളയ്‌ക്ക് പരിസമാപ്‌തി. മത്സരങ്ങൾ രണ്ടു ദിവസത്തേക്ക് ചുരുക്കിയതോടെ പൊലിമയും ആരവവും കുറഞ്ഞ മേളയ്ക്ക് കല്ലുകടികളോടെയായിരുന്നു സമാപനം. മത്സരക്രമം താളം തെറ്റിയതോടെ രണ്ടു ദിവസം കൊണ്ട് മത്സരങ്ങൾ ഓടിച്ചു തീർക്കാൻ രാത്രി ഏറെ വൈകിയും ആളൊഴിഞ്ഞ കലോത്സവപ്പറമ്പിൽ കുട്ടികൾ വേദിയിൽ കയറി. ഓവറാൾ ചാമ്പ്യന്മാരും കൂടുതൽ പോയിന്റ് നേടിയ സ്‌കൂളുകൾക്കുള്ള സമ്മാനങ്ങളും ഇല്ലാത്തതോടെ മത്സരവീര്യം കുറഞ്ഞ കലോത്സവം കാണികളുടെ എണ്ണത്തിലും ശുഷ്‌കമായി.

പരാതികളും പ്രതിഷേധങ്ങളും

കലോത്സവം രണ്ട് ദിവസമായി കുറച്ചെങ്കിലും അസൗകര്യങ്ങളുടെ നടുവിലായിരുന്നു മിക്ക വേദികളും. മത്സരാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും രണ്ട് ദിവസവും ഒരുപോലെ വലഞ്ഞു. സംഘാടനത്തിലെ പാളിച്ചകളെപ്പറ്റി എല്ലാ വേദികളിലും പരാതി ഉയർന്നു. വേദികളുടെ വലിപ്പക്കുറവും അസൗകര്യങ്ങളും മത്സരഫലത്തെ ചൊല്ലിയുള്ള തർക്കങ്ങളും വാക്കേറ്റത്തിലും കൈയാങ്കളിയിലേക്കും വരെ നീണ്ടു. എച്ച്.എസ് കഥാപ്രസംഗം നടന്ന ടൗൺ എൽ.പി.എസിൽ വിജയിയെ പ്രഖ്യാപിച്ചതുമായി ഉണ്ടായ വാക്കേറ്റം പ്രധാന വേദിയിലേക്കും നീണ്ടു. എച്ച്.എസ്.എസ് കഥാപ്രസംഗ വേദിയിൽ മൂന്നു മത്സരാർത്ഥികളുടെ മാത്രം ഫലം പ്രഖ്യാപിച്ച് വിധികർത്താക്കൾ മടങ്ങിയെന്ന് ആരോപിച്ച് വാക്കേറ്റവും കൈയാങ്കളിയുമായി. ടൗൺഹാളിൽ എച്ച്.എസ്.എസ് നാടകമത്സര ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ കൈയേറ്റത്തെ തുടർന്ന് സ്ഥലത്ത് അല്പനേരം സംഘർഷാവസ്ഥയുണ്ടായി. പൊലിസ് ഇടപെട്ട് രംഗം ശാന്തമാക്കി. കഥകളി വസ്ത്രങ്ങളും ഉപകരണങ്ങളും സൂക്ഷിക്കാനും മത്സരാർത്ഥികൾക്ക് വിശ്രമിക്കാനും ഒരുങ്ങാനും കാർ പാർക്കിംഗ് ഷെഡ് നൽകിയതും വലിയ പ്രതിഷേധത്തിന് ഇടയാക്കി. മുന്നറിയിപ്പില്ലാതെ അഞ്ച് വേദികൾ മാറ്റിയതും മത്സരാർത്ഥികളെ വലച്ചു. മത്സരത്തിനിടെ വൈദ്യുതി ബന്ധം തകരാറിലായതും അലോസരം സൃഷ്ടിച്ചു.


മത്സരങ്ങൾ പാതിരാത്രിയിലും

മത്സരങ്ങൾ രണ്ട് ദിവസമായി കുറച്ചിട്ടും മിക്ക ഇനങ്ങളും മണിക്കൂറുകൾ വൈകിയാണ് തുടങ്ങിയത്. ഇതോടെ ആദ്യദിനം തന്നെ മത്സരങ്ങൾ പുലർച്ചയോളം നീണ്ടു. എച്ച്.എസ്.എസ് വിഭാഗത്തിന്റെ മോഹിനിയാട്ടത്തോടെയാണ് രണ്ടാംദിനം ഉണർന്നത്. കാണികളുടെ ആകർഷക ഇനങ്ങളാണ് മിക്ക വേദികളിലും ഇന്നലെ നടന്നത്. എന്നാൽ എല്ലായിടത്തും കാഴ്ചക്കാർ കുറവായിരുന്നു. 16 വേദികളിലായി നടന്ന മത്സരങ്ങളിൽ 4000 ത്തോളം മത്സരാർത്ഥികൾ പങ്കെടുത്തു.