തിരുവനന്തപുരം : മൂന്ന് മുന്നണികളും വാശിയേറിയ പ്രചാരണം കാഴ്ചവച്ച കിണവൂർ വാർഡിൽ 55.22 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മുൻ വർഷങ്ങൾക്ക് സമാനമായ കുറഞ്ഞ പോളിംഗ് ശതമാനമാണിത്. ഇതോടെ വിജയിയുടെ ഭൂരിപക്ഷവും കുറവായിരിക്കുമെന്ന് ഉറപ്പായി. പകുതിയോളം പേർ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. ഇന്ന് രാവിലെ 10ന് വോട്ടണ്ണെൽ ആരംഭിക്കും. നാലാഞ്ചിറ സാംസ്കാരിക നിലയത്തിൽ രണ്ട് ടേബിളുകളിലായി മൂന്ന് വീതം ബൂത്തുകളാണ് എണ്ണുക. വോട്ടെണ്ണലിന് ആവശ്യമായ ക്രമീകരണം പൂർത്തിയായതായി വരണാധികാരിയായ ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു അറിയിച്ചു. വോട്ടിംഗിനായി അ‌ഞ്ച് ബൂത്തുകൾ നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് ഹൈസ്‌കൂളിലും ഒരെണ്ണം വേലിക്കുന്ന് രാമപുരം അംഗൻവാടിയിലുമാണ് സജ്ജമാക്കിയിരുന്നത്. രാവിലെ 7 ന് ആരംഭിച്ച പോളിംഗ് വൈകിട്ട് 5ന് അവസാനിച്ചു. ലക്ഷ്യം വച്ച വോട്ടുകളെല്ലാം പെട്ടിയിലാക്കിയെന്ന് അവകാശപ്പെടുന്ന യു.ഡി.എഫ് വാർഡ് നിലനിറുത്തുമെന്ന ശുഭപ്രതീക്ഷയിലാണ്. എൽ.ഡി.എഫ് അമിത പ്രതീക്ഷ പുലർത്തുന്നില്ല. അതേസമയം മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അട്ടിമറി പ്രതീക്ഷിക്കുകയാണ് ബി.ജെ.പി. 120 വോട്ടിനെങ്കിലും വിജയിക്കുമെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതീക്ഷ. യു.ഡി.എഫ് അംഗമായിരുന്ന കെ.സി. വിമൽകുമാറിന്റെ നിര്യാണത്തെ തുടർന്നാണ് കിണവൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം വിമതനായി മത്സരിച്ച കെ. ഷീലാസിനെയാണ് യു.ഡി.എഫ് കളത്തിലിറക്കിയത്. ഡി.വൈ.എഫ്.ഐ നാലാഞ്ചിറ മേഖല പ്രസിഡന്റ് എം. അരുണാണ് സി.പി.എം സ്ഥാനാർത്ഥി. പാർട്ടി പ്രവർത്തകനായ എ. സനൽകുമാറിനെ ബി.ജെ.പിയും രംഗത്തിറക്കി