ചെന്നൈ : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ വിജയിക്കാനാകാതെ വട്ടം കറങ്ങി ബ്ളാസ്റ്റേഴ്സ് . ഇന്നലെ ചെന്നൈയിൻ എഫ്.സിയുമായുള്ള മത്സരത്തിൽ ഗോൾരഹിത സമനിലയിൽ കുരുങ്ങുകയായിരുന്നു ബ്ളാസ്റ്റേഴ്സ്.
ചെന്നൈയിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ കാര്യമായ ഒരവസരവും സൃഷ്ടിക്കാതെ വിരസമായ കളി പുറത്തെടുത്താണ് ബ്ളാസ്റ്റേഴ്സ് സമനിലയിലൊതുങ്ങിയത്.
സ്ഥിരം നായകൻ സന്ദേശ് ജിംഗാനെ ബെഞ്ചിലിരുത്തി പകരം മലയാളി അനസ് എടത്തൊടികയെ ഇറക്കിയാണ് ബ്ളാസ്റ്റേഴ്സ് കളി തുടങ്ങിയത്. മുഹമ്മദ് റാക്കിപ്പ്, സക്കീർ മുണ്ടൻപറമ്പ എന്നിവരും ഫസ്റ്റ് ഇലവനിൽ ഇടംപിടിച്ചു. പ്രശാന്ത്, സെമിലെൻഡംഗൽ എന്നിവരെ ഒഴിവാക്കിയാണ് റാക്കിപ്പിനെയും സക്കീറിനെയും കളിപ്പിച്ചത്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം മിനിട്ടിൽത്തന്നെ ചെന്നൈയിൻ അപകടകരമായ ഒരു മുന്നേറ്റം കാഴ്ചവച്ചു. ആന്ദ്രേ ഒാർലാൻഡി തൊടുത്തുവിട്ട ഒരു കോർണർ ബോക്സിന് പുറത്തേക്ക് എത്തിയെങ്കിലും ഡിഫൻഡർ സിറിൽ കാലി ഇടപെട്ട് അപകടം ഒഴിവാക്കി. തൊട്ടടുത്ത മിനിട്ടിൽ ഹാളിചരൺ നർസാറിയെ വെട്ടിച്ച് അഗസ്റ്റോ ഐസക്കിന് ക്രോസ് നൽകിയെങ്കിലും ഗോളാക്കാൻ കഴിഞ്ഞില്ല. അഞ്ചാം മിനിട്ടിലെ അഗസ്റ്റോയുടെ മുന്നേറ്റം ബ്ളാസ്റ്റേഴ്സ് ഗോളി ധീരജ് സിംഗ് പിടിച്ചെടുത്തു. തൊട്ടടുത്ത മിനിട്ടിലും ചെന്നൈയിന്റെ ഒരുമുന്നേറ്റം ധീരജിന്റെ കൈപ്പിടിയിലൊതുങ്ങി.
ആദ്യ അരമണിക്കൂറിൽ ലക്ഷ്യബോധമില്ലാതെ ശരിക്കും വട്ടം കറങ്ങുകയായിരുന്നുകേരള ബ്ളാസ്റ്റേഴ്സ്. ഒരവസരം പോലും മഞ്ഞക്കുപ്പായക്കാർക്ക് ചെന്നൈയിൻ നൽകിയില്ല.
33-ാം മിനിട്ടിൽ തോയ് സിംഗ് ഗോളിയില്ലാത്ത പോസ്റ്റ് മുന്നിൽ തുറന്നുകിട്ടിയിട്ടും അവസരം നശിപ്പിച്ചത് ബ്ളാസ്റ്റേഴ്സിന് ആശ്വാസമാവുകയായിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിനുമുമ്പ് ചില അവസരങ്ങൾ കൂടി ചെന്നൈയിന് ലഭിച്ചു.
. ഇൗ സീസണിൽ ബ്ളാസ്റ്റേഴ്സിന്റെ അഞ്ചാം സമനിലയാണിത്.
. ഒൻപത് കളികളിൽനിന്ന് എട്ട്പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുകയാണ് ബ്ളാസ്റ്റേഴ്സ്.
ഒൻപത് കളികളിൽ നിന്ന് അഞ്ച് പോയിന്റായ ചെന്നൈയിൻ എഫ്.സി പൂനെ സിറ്റിയെ മറികടന്ന് എട്ടാമതേക്ക് എത്തി.
ഇന്നത്തെ മത്സരം
ബംഗ്ളുരു Vs പൂനെ സിറ്റി
(രാത്രി 7.30 മുതൽ)