കാസർകോട്: ഗുഹയ്ക്കുള്ളിൽ മുള്ളൻപന്നിയെ പിടികൂടാൻ കയറിയ യുവാവ് മരിച്ചു. ശരീരത്തിന്റെ അരഭാഗത്തിന് മുകളിൽ തല ഉൾപ്പെടെ ഗുഹക്കുള്ളിലെ മണ്ണിൽ പുതഞ്ഞു. കാലിന്റെ ചെറിയൊരു ഭാഗം മാത്രമാണ് പുറത്തുകാണാനായത്. യുവാവിനെ രക്ഷപ്പെടുത്താൻ ഗുഹക്കുള്ളിൽ കയറാൻ ശ്രമിച്ച മൂന്ന് പേർക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
ധർമ്മത്തടുക്ക ബാളികയിലെ രമേഷാണ് (35) ഗുഹയ്ക്കുള്ളിൽ വച്ച് മരിച്ചത്
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് യുവാവ് ഗുഹയ്ക്കുള്ളിൽ കയറിയതെന്ന് പറയുന്നു. ഏറേനേരം കഴിഞ്ഞിട്ടും ഇയാൾ തിരിച്ചു വരാത്തതിനെ തുടർന്ന് മറ്റു നാലുപേർ ഇയാളെ രക്ഷിക്കാൻ ഗുഹയ്ക്കകത്തേക്ക് കയറി.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരാൾ പുറത്തിറങ്ങി നാട്ടുകാരെയും പൊലീസിനെയും ഫയർഫോഴ്‌സിനേയും വിവരം അറിയിക്കുകയായിരുന്നു. രാത്രി 10 മണിയോടെയാണ് കാണാതായ രമേഷിനുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചത്. ഇടുങ്ങിയതും ഒരാൾക്കു മാത്രം കടന്നുപോകാൻ കഴിയുന്നതുമായ ഗുഹയ്ക്കുള്ളിലാണ് യുവാവ് കുടുങ്ങിയത്. ഉപ്പള, കാസർകോട് ഫയർഫോഴ്‌സുകളുടെ രണ്ട് യൂണിറ്റാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നത്.
ഒന്നിൽകൂടുതൽ ആളുകൾക്ക് കയറിച്ചെല്ലാൻ പറ്റാത്ത ഗുഹയുടെ 50 മീറ്റർ ഉള്ളിലായാണ് യുവാവുള്ളത്. അകത്തേക്ക് കടക്കുമ്പോൾ തന്നെ മുകൾഭാഗത്ത് ഉരയുന്നതിനാൽ കയറിച്ചെല്ലാൻ പറ്റുന്നില്ലെന്ന് ഫയർഫോഴ്‌സ് പറയുന്നു. തുടർന്ന് പുലർച്ചെ ഒരു മണിയോടെ ഫയർഫോഴ്സ് ഗുഹയിൽ നിന്ന് ഇറങ്ങി.
യുവാവിനെ പുറത്തെത്തിക്കാൻ തുരങ്കം നിർമ്മിക്കുന്ന വിദഗ്ധരെ അന്വേഷിക്കുകയാണ് സ്ഥലത്തെത്തിയ ബദിയടുക്ക പൊലീസും ഫയർഫോഴ്‌സും. യുവാവ് കുടുങ്ങിയ തുരങ്കത്തിന് മുകൾഭാഗത്തായി വീടുകളും റോഡും സ്ഥിതിചെയ്യുന്നതിനാൽ പൂർണ്ണമായും പൊളിച്ചുമാറ്റാനും കഴിയില്ല. തുരങ്കത്തിന്റെ ഉൾഭാഗം രണ്ടു പേർക്ക് കടന്നുചെല്ലാൻ പറ്റുന്ന വിധത്തിൽ വികസിപ്പിച്ചാൽ രമേഷിനെ പുറത്തുകൊണ്ടുവരാമെന്ന് കരുതിയത്. ഉപ്പള ഫയർഫോഴ്‌സിലെ അസി. സ്റ്റേഷൻ ഓഫീസർ അജികുമാർ ബാബു, കാസർകോട് ഫയർഫോഴ്‌സിലെ അസി. സ്റ്റേഷൻ ഓഫീസർ പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ബദിയടുക്ക പൊലീസുമാണ് തുരങ്കത്തിൽ കുടുങ്ങിയ രമേഷിനെ രക്ഷിക്കാൻ ശ്രമിച്ചത്.