ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉണ്ടാകുന്ന സംഘർഷവും പൊലീസ് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങളും ദർശനത്തിനെത്തുന്ന മാളികപ്പുറങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തി.
കഴിഞ്ഞ മാസപൂജാ വേളയിലും ചിത്തിര ആട്ട വിശേഷത്തിനുംശേഷം തീർത്ഥാടനത്തിനായി ശബരിമല നട തുറപ്പോഴും പ്രക്ഷോഭത്തിന് അയവില്ലാത്തതാണ് ഭൂരിപക്ഷം മാളികപ്പുറങ്ങളെയും ശബരിമലയിൽ നിന്ന് അകറ്റിയത്. മുൻപ് ആയിരക്കണക്കിന് മാളികപ്പുറങ്ങളാണ് നിത്യവും സന്നിധാനത്ത് എത്തിയിരുന്നത്. എന്നാൽ ഈ തീർത്ഥാടനകാലത്ത് ശുഷ്കമായ സംഖ്യ മാത്രമാണ് സന്നിധാനത്ത് എത്തുന്നത്.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ മുതൽ തുടങ്ങുന്ന സുരക്ഷാ പരിശോധനകളും ഗതാഗത നിയന്ത്രണവും മാത്രമല്ല പ്രളയത്തിൽ തകർന്നടിഞ്ഞ പമ്പയും ശബരിമലയിലേക്കുള്ള സ്ത്രീ സാന്നിദ്ധ്യം കുറച്ചുവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പമ്പയിൽ പ്രാഥമിക സൗകര്യത്തിനും വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള പരിമിധികളും മറ്റൊരു കാരണമായി.