കൊല്ലം: കോപ്പിയടിച്ചെന്ന് ആരോപിച്ച് അദ്ധ്യാപകർ ശകാരിച്ച് പരീക്ഷാഹാളിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഒന്നാം വർഷ ഇംഗ്ളീഷ് ബിരുദ വിദ്യാർത്ഥിനി രാഖികൃഷ്ണ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണയ്‌ക്ക് പൊലീസ് കേസെടുത്തേക്കും. ഇപ്പോൾ അസ്വാഭാവിക മരണത്തിനാണ് കേസ്. പരീക്ഷാ ഹാളിൽ ഇൻവിജലേറ്ററുടെ ചുമതല വഹിച്ചിരുന്ന അദ്ധ്യാപികയാണ് രാഖിയെ കോപ്പിയടിക്ക് പിടികൂടിയത്.
തുടർന്ന് കോളേജിലെ തന്നെ സൂപ്പർ സ്‌ക്വാഡിനെ വിളിച്ചുവരുത്തി. ഒരു സ്‌ത്രീയും പുരുഷനും അടങ്ങിയതായിരുന്നു സ്‌ക്വാഡ്. കോപ്പിയടിയുടെ തെളിവ് ശേഖരണത്തിനായി പെൺകുട്ടി ധരിച്ചിരുന്ന ചുരിദാർ ടോപ്പിൽ പേന കൊണ്ടെഴുതിയ ഭാഗം പരീക്ഷ ഹാളിൽ വച്ചുതന്നെ മൊബൈൽ കാമറയിൽ പകർത്തി. തുടർന്ന് സ്‌റ്റാഫ് റൂമിലെത്തിച്ച് ശകാര വർഷവും ഭാവി ശൂന്യമാക്കുമെന്ന ഭീഷണിയും മുഴക്കി. ഇത്രയുമായപ്പോൾ തകർന്ന മാനസികാവസ്ഥയിലായ 19 കാരിയെ രക്ഷിതാക്കളുടെ സംരക്ഷണയിൽ അയക്കാതെ പോകാനനുവദിച്ച അധികൃതരുടെ നടപടിയാണ് മരണത്തിൽ കലാശിച്ചതെന്ന് പരീക്ഷാ ഹാളിലുണ്ടായിരുന്ന മറ്ര് വിദ്യാർത്ഥികൾ പറയുന്നു.
പരീക്ഷ കഴിഞ്ഞ് പുറത്തുണ്ടായിരുന്ന മറ്ര് വിദ്യാർത്ഥികൾക്ക് രാഖിയെ ആശ്വസിപ്പിക്കാൻ അവസരം കൊടുക്കാതെ അവരെയും ആട്ടിപ്പായിക്കുകയായിരുന്നു. താൻ കോപ്പിയടിച്ചില്ലെന്നും വസ്ത്രത്തിൽ കണ്ട എഴുത്ത് ആ ദിവസത്തെ പരീക്ഷയുടെ വിഷയവുമായി ബന്ധപ്പെട്ടതല്ലെന്നും രാഖി അദ്ധ്യാപികയോട് കരഞ്ഞു പറഞ്ഞെങ്കിലും ചെവിക്കൊള്ളാൻ അവർ തയ്യാറായില്ലെന്ന് മറ്റ് വിദ്യാർത്ഥികൾ പറയുന്നു.
വിവരം അറിഞ്ഞ് പോളയത്തോടുള്ള ജോലിസ്ഥലത്തുനിന്ന് പിതാവ് രാധാകൃഷ്ണൻ കോളേജിലേക്ക് പുറപ്പെടുകയും ചെയ്തു. ഇതിനിടെ സ്‌റ്റാഫ് റൂമിൽ നിന്ന് പുറത്തു പോയ രാഖിയെ കാണാതായെന്നാണ് കോളേജ് അധികൃതർ പൊലീസിനെ അറിയിച്ചത്. പരീക്ഷാ ഹാളിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. പരീക്ഷാ ചുമതലയിൽ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. കൂടാതെ കോപ്പിയടി പിടിക്കപ്പെട്ടാൽ അധികൃതർക്ക് സ്വീകരിക്കാൻ കഴിയുന്ന നടപടികളെ സംബന്ധിച്ചും പൊലീസ് വിലയിരുത്തും. പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്ന് കൊല്ലം എ.സി.പി എ.പ്രതീപ് കുമാർ പറഞ്ഞു. അന്വേഷണത്തിൽ കൂടുതൽ വസ്‌തുതകൾ പുറത്ത് വന്നാൽ ആവശ്യമായ പുതിയ വകുപ്പുകൾ ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചെങ്കിലും പ്രക്ഷോഭം തുടരുമെന്നാണ് വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ചുരിദാറിലെ എഴുത്ത് പരിശോധിക്കും
രാഖിയുടെ ചുരിദാർ ടോപ്പിൽ എഴുതിയിരുന്നത് എന്താണെന്ന് പരിശോധിക്കുമെന്ന് കൊല്ലം ഈസ്റ്റ് സി.ഐ എസ്. മഞ്ജുലാൽ പറഞ്ഞു. എഴുത്ത് ഇംഗ്ളീഷിലാണ്.
ബുധനാഴ്ച നടന്ന പരീക്ഷയുമായി ബന്ധപ്പെട്ടതാണോയെന്ന് അദ്ധ്യാപകരോട് ചോദിച്ച് ഉറപ്പു വരുത്തും. എന്നാൽ ചുരിദാർ ടോപ്പിൽ എഴുതിയിരുന്നത് അന്നത്തെ പരീക്ഷയുമായി ബന്ധപ്പെട്ടതായിരുന്നില്ലെന്നാണ് പരീക്ഷാ ഹാളിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നത്.
രാഖി എങ്ങനെ പുറത്തിറങ്ങി?
രാഖികൃഷ്ണ സ്‌റ്റാഫ് റൂമിൽ നിന്ന് ആരുടെയും ശ്രദ്ധയിൽ പെടാതെ എങ്ങനെ പുറത്തുപോയെന്നതിൽ ദുരൂഹത നിലനിൽക്കുകയാണ്. കോളേജിന്റെ പ്രധാന ഗേറ്റിലൂടെ വിദ്യാർത്ഥികളെ അകത്തേക്കും പുറത്തേക്കും വാച്ച്മാൻ കടത്തിവിടുന്നത് തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ്. വിദ്യാർത്ഥിനി ഗേറ്റ് വഴി പുറത്തേക്ക് പോയത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് വാച്ച്മാൻ പറയുന്നതിൽ ദുരൂഹതയുണ്ടെന്ന് സഹപാഠികൾ പറയുന്നു.