തിരുവനന്തപുരം: വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ യുവാവിനെ കരമനയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.വട്ടിയൂർക്കാവ് കാച്ചാണി മലമുകൾ ശരണ്യാഭവനിൽ സേവ്യർ- ശാന്ത ദമ്പതികളുടെ മകൻ ശരത്തിനെയാണ് (22) മേലേക്കടവ് തമ്പുരാൻ ക്ഷേത്രത്തിന് സമീപത്തെ കടവിൽ മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ ആറ്റുകടവിൽ മൃതദേഹം പൊങ്ങിയ വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.

ബുധനാഴ്ച രാത്രി വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയതാണ് ശരത്തെന്ന് പൊലീസ് പറഞ്ഞു. ശരത്തിന്റെ ബൈക്കും ബാഗും ഇന്നലെ ക്ഷേത്രക്കടവിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇവരുടെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. ഇയാൾക്കായി ഇന്ന് തെരച്ചിൽ നടത്താനാരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. വട്ടിയൂർക്കാവ് പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശരണ്യ സഹോദരിയാണ്. വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു.