തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റാർപദവിയുള്ള 121 ഹോട്ടലുകൾക്ക് ബാർലൈസൻസും 40 ഹോട്ടലുകൾക്ക് വിദേശമദ്യവില്പന അനുമതിയും നൽകിയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ സഭയെ അറിയിച്ചു. നിലവിൽ 466 ബിയർ, വൈൻ പാർലറുകളുണ്ട്. ബാർഹോട്ടലുകളുടെ ദൂരപരിധി 50 മീറ്ററായി പരിഷ്കരിച്ച് 2012 ഏപ്രിൽ 17 ലെ നിലയിലേക്ക് നിയന്ത്രണം മാറ്റിയെന്ന് വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പള്ളി, റോജി ജോൺ തുടങ്ങിയവരെ മന്ത്രി അറിയിച്ചു.
എ.ടി.എം കവർച്ചകളും സോഷ്യൽമീഡിയ കുറ്റകൃത്യങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന പൊലീസ് സേനയിൽ സാങ്കേതികപരിജ്ഞാനമുള്ളവരെ ഉൾപ്പെടുത്തി പ്രത്യേകസംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പി.കെ. ശശിയെ അറിയിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ റീജിയണൽ ഐ.ടി വിംഗുകൾ രൂപീകരിച്ചിട്ടുണ്ട്.
കിഫ്ബിക്ക് ഒരുമാസം കടന്നുപോകാൻ ഒാഫീസ് ചെലവിന് 30 ലക്ഷം രൂപ വേണമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു. ഒാഫീസ് വാടകമാത്രം 5.49 ലക്ഷം രൂപവരും. 42 ജീവനക്കാരുണ്ട്. ശമ്പളയിനത്തിൽ മാസം 23.57 ലക്ഷം ചെലവാകും. പുറമെ യാത്രാചെലവ് 13.89 ലക്ഷം രൂപയും വേണമെന്ന് ഷാഫി പറമ്പിലിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞു.
നവകേരളം ഭാഗ്യക്കുറിക്ക് പ്രതീക്ഷിച്ച അറ്റാദായം കിട്ടിയില്ലെന്ന് മുഹമ്മദ് മുഹസിലിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. 16.57 കോടിയാണ് ലാഭം. പ്രതീക്ഷിച്ചത് 85.70 കോടിയായിരുന്നു. ഒാണംബമ്പർ വിപണിയിലെത്തിയതാണ് നവകേരളത്തിന്റെ വില്പനയെ ബാധിച്ചത്. അതുകൊണ്ട് അച്ചടി 90 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി കുറച്ചു. എന്നിട്ടും 13.82 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയില്ല. 36.10 കോടിയാണ് നവകേരളം ലോട്ടറിയുടെ മൊത്തം വിറ്റുവരവ്. അട്ടപ്പാടി മേഖലയിൽ ഈ വർഷം പട്ടിക വർഗത്തിൽപ്പെട്ട 11 നവജാത ശിശുക്കൾ മരണപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. കഴിഞ്ഞവർഷം 14 ശിശുക്കളും 2016ൽ 13 ശിശുക്കളും മരണപ്പെട്ടിട്ടുണ്ട്.