കടയ്ക്കാവൂർ: അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിക്കുന്ന, ദിവസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങളുടെ കച്ചവടം കടയ്ക്കാവൂരിൽ പൊടി പൊടിക്കുന്നു. ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടും പഞ്ചായത്തും ആരോഗ്യവകുപ്പും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തെ അഞ്ചുതെങ്ങ് കേന്ദ്രീകരിച്ചാണ് ഇത്തരം മത്സ്യങ്ങൾ കച്ചവടം നടത്തികൊണ്ടിരുന്നത്. അതിരാവിലെ തന്നെ ലക്ഷകണക്കിന് രൂപ വിലയുളള മത്സ്യങ്ങളുമായി നിരവധി ലോറികളാണ് അഞ്ചുതെങ്ങിൽ എത്തിക്കൊണ്ടിരുന്നത്. ആരോഗ്യപ്രശ്നങ്ങളും പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിൽപ്രശ്നവും ചൂണ്ടിക്കാണിച്ച് അവിടത്തെ മത്സ്യവില്പന നാട്ടുകാർ തടഞ്ഞു. അഞ്ചുതെങ്ങ് പഞ്ചായത്തും നാട്ടുകാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ കച്ചവടം കടയ്ക്കാവൂർ ചെക്കാലവിളാകം ചന്തയിലേക്ക് മാറ്റിയിരുന്നു. അവിടെയും നാട്ടുകാരുടെ ശക്തമായ പ്രതിഷേധമുയർന്നതോടെ മീരാൻകടവ് പാലത്തിന് സമീപം വടതാഴി, നിലയ്ക്കാമുക്ക്, മണനാക്ക് തുടങ്ങിയ പ്രദേശങ്ങളിലേക്കായി അന്യസംസ്ഥാന മത്സ്യകച്ചവടം. വിറ്റുകഴിയുന്ന മത്സ്യങ്ങളുടെ അവശിഷ്ടങ്ങളും അവയിൽ നിന്നൊഴുകുന്ന വെളളവും ഇൗ പ്രദേശങ്ങളെ മലിനമാക്കുകയാണ്. നിലയ്ക്കാമുക്കിൽ ഗവ. യു.പി.സ്കൂളിന് സമീപത്താണ് മത്സ്യങ്ങൾ ഇറക്കി ലേലം നടത്തുന്നത്. സ്കൂളിലെ പാചകപ്പുരയും ഇതിന്റെ തൊട്ടടുത്ത് തന്നെയാണ്. ഇൗച്ചയും പുഴുവും നിറഞ്ഞ് ദുർഗന്ധം പരത്തുന്ന അന്തരീക്ഷമായതിനാൽ പഠനം ശരിയായി നടക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയും ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി പരാതികളാണ് അധികൃതർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് തടയാൻ പഞ്ചായത്താണ് മുൻകൈ എടുക്കേണ്ടതെന്ന് ആരോഗ്യവകുപ്പും പൊലീസും പറയുന്നു. ഉടൻ തന്നെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പറയുന്നുണ്ടെങ്കിലും ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കടയ്ക്കാവൂർ വടതാഴിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇത്തരം മത്സ്യങ്ങളുടെ വില്പന നടത്തുന്നത്. സ്വന്തം പറമ്പിൽ മത്സ്യമിറക്കി കച്ചവടം നടത്തുന്നത് ആര് ചോദിക്കാൻ എന്ന മട്ടിലാണ് അവർ. വൃത്തിഹീനമായ അന്തരീക്ഷം സമീപവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും അധികൃതർ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.