തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ അടിയന്തര പ്രമേയവുമായി എത്തിയ പ്രതിപക്ഷത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന്
മൂന്നാം ദിനവും നിയമസഭ തുടരാനാവാതെ പിരിഞ്ഞു. ബഹളത്തെ തുടർന്ന് തടസപ്പെട്ട ചോദ്യവേള 15 മിനിട്ട് പിന്നിട്ടപ്പോൾ നിറുത്തി വയ്ക്കേണ്ടി വന്നു. ശ്രദ്ധക്ഷണിക്കൽ ഉൾപ്പെടെയുള മറ്റ് നടപടികൾ ഉപേക്ഷിച്ചു.
മേശപ്പുറത്ത് വയ്ക്കേണ്ട പേപ്പറുകൾ തിടുക്കത്തിൽ വച്ചും സബ്ജക്ട് കമ്മിറ്റികൾക്ക് വിട്ട മൂന്ന് ബില്ലുകൾ ഒറ്റവാചകത്തിൽ വീണ്ടും അവതരിപ്പിച്ച് തുടർചർച്ചകൾക്കായി മാറ്റിവച്ചും ആറ് സ്വകാര്യബില്ലുകളിൽ മൂന്നെണ്ണം ഉപേക്ഷിച്ചും മൂന്നെണ്ണം ഒറ്റവരിയിൽ അവതരിപ്പിച്ചും എട്ടുമിനിട്ടുകൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി. ഇന്നലെ 23 മിനിട്ട് മാത്രം സമ്മേളിച്ചാണ് സഭ പിരിഞ്ഞത്.
ശബരിമല വിഷയത്തിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നെങ്കിലും അനുവദിച്ചിരുന്നില്ല.
ഇതിനെത്തുടർന്നാണ് ഇന്നലെ എ. ഷംസുദ്ദീന്റെ പേരിൽ ശബരിമലപ്രമേയം വീണ്ടും കൊണ്ടുവന്നത്. ഒരേവിഷയത്തിൽ ആവർത്തിച്ച് അടിയന്തരപ്രമേയം കൊണ്ടുവന്ന് സഭയുടെ സമയം അപഹരിക്കാൻ അനുവദിക്കില്ലെന്ന് സ്പീക്കർ അറിയിച്ചതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. ചോദ്യോത്തരവേള മാറ്റിവച്ച് ശബരിമല ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. ഇത് നിരസിക്കപ്പെട്ടതോടെ ചോദ്യവേള തടസപ്പെടുത്തി. ബഹളം അവഗണിച്ച് മന്ത്രി ടി.പി. രാമകൃഷ്ണനെ മറുപടി പറയാൻ സ്പീക്കർ ക്ഷണിച്ചെങ്കിലും ബഹളം മൂലം തുടരാനായില്ല. അടിയന്തരപ്രമേയം അനുവദിക്കില്ലെന്നും ശ്രദ്ധക്ഷണിക്കലിൽ ആദ്യയിനമായി ഇതവതരിപ്പിക്കാമെന്ന് സ്പീക്കർ ഒത്തുതീർപ്പിന് ശ്രമിച്ചുവെങ്കിലും അടിയന്തര പ്രമേയമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നു. തുടർന്ന് സ്പീക്കറുടെ ഡയസിന് മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചും പ്ളക്കാർഡുകൾ ഉയർത്തിയും പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ കാഴ്ച മറിച്ചു.
ഇതിനിടെ എൽദോസ് കുന്നപ്പള്ളി, ടി.വി. ഇബ്രാഹിം, ഐ.സി. ബാലകൃഷ്ണൻ, അനിൽ അക്കരെ തുടങ്ങിയവർ ഡയസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. ഇതോടെയാണ് സഭാസമ്മേളനം അവസാനിപ്പിക്കാനുള്ള നടപടിയിലേക്ക് സ്പീക്കർ കടന്നത്.