editorial

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ സംസ്ഥാനത്തെ വിഴുങ്ങിയ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച വ്യാേമസേനാ വിമാനങ്ങൾക്ക് ചെലവിനത്തിൽ 34 കോടി രൂപ അടയ്ക്കണമെന്ന നിർദ്ദേശം പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും ആവശ്യമായ പണം കണ്ടെത്താനാവാതെ വിഷമിക്കുന്ന സംസ്ഥാന സർക്കാരിനെ ധർമ്മസങ്കടത്തിലാക്കിയിരിക്കുകയാണ്. ഇതുമാത്രമല്ല, പ്രളയകാലത്ത് പാവപ്പെട്ടവർക്ക് സൗജന്യമായി അരി നൽകിയ വകയിലും 260 കോടി രൂപയോളം രൂപ അടയ്ക്കേണ്ടതുണ്ട്. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് സേനാവിഭാഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നതും അതിനായി അവരുടെ പക്കലുള്ള എല്ലാവിധ വാഹനങ്ങൾ ഉപയോഗിക്കുന്നതും രാജ്യത്ത് പതിവുള്ള കാര്യങ്ങളാണ്. ടാക്സി കാറുകൾ മണിക്കൂറിന് വാടക ഇൗടാക്കുന്നതുപോലെ വ്യോമ സേനാവിമാനങ്ങൾക്കും ഹെലികോപ്ടറുകൾക്കും നിശ്ചിത നിരക്കിൽ സംസ്ഥാന സർക്കാരിനോട് പണം ആവശ്യപ്പെടുന്നത് ചട്ടപ്രകാരം ശരിയാകാമെങ്കിലും കേൾക്കുന്ന സാധാരണ ജനങ്ങൾക്ക് ദഹിക്കാൻ വിഷമമാണ്. സൈനികേതരമായ ഏത് ആവശ്യങ്ങൾക്കും സേനയുടെ സേവനം പ്രയോജനപ്പെടുത്തുമ്പോൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാർ അതിന്റെ ചെലവ് വഹിക്കണമെന്നത് പതിവുകാര്യമാകാം. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ ദുരന്തമേഖലകളിൽ നിന്ന് രക്ഷപ്പെടുത്താൻ സേനകളെയല്ലാതെ മറ്റാരെയാണ് വിളിക്കാനാവുക. അതിന് വേണ്ടിവരുന്ന ചെലവ് ദുരിതബാധിത സംസ്ഥാനം തന്നെ വഹിക്കണമെന്ന് പറയുമ്പോഴാണ് അതിലെ അല്പത്തവും യുക്തിരാഹിത്യവും മറ നീക്കി പുറത്തുവരിക. പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടിവരുന്ന സന്ദർഭങ്ങളിൽ സംസ്ഥാനങ്ങളെ സഹായിക്കാൻ കേന്ദ്രത്തിന്റെ പക്കൽ ആവശ്യമായ ഫണ്ടുണ്ട്. ഇത്തരം ആവശ്യങ്ങൾക്ക് അതിൽ നിന്നെടുത്ത് സേനകളുടെ ബിൽ അടയ്ക്കാവുന്നതേയുള്ളൂ. ദുരിതബാധിതരെ വേണ്ടവിധം സഹായിക്കാൻ പോലും ബുദ്ധിമുട്ടുന്ന സംസ്ഥാന സർക്കാരിന്റെ മേൽ അധികഭാരം കെട്ടിവയ്ക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ തീരെ മനസ്സാക്ഷിയില്ലാത്ത ഏർപ്പാടാണ്. കേരളം ആവശ്യപ്പെട്ട പ്രളയദുരിതാശ്വാസ സഹായം നൽകിയതിനുശേഷമാണ് ഇതാവശ്യപ്പെട്ടിരുന്നതെങ്കിൽ അതിൽ കുറച്ചെങ്കിലും ഒൗചിത്യമുണ്ടാകുമായിരുന്നു. സംസ്ഥാനത്തെ ഏതാണ്ട് പൂർണമായും ബാധിച്ച പ്രളയക്കെടുതി ഉണ്ടായിട്ട് മാസം നാലാകുന്നു. 31000 കോടി രൂപ ഉണ്ടെങ്കിലേ സംസ്ഥാനത്തിന്റെ പുനർനിർമ്മാണം സാദ്ധ്യമാകൂ. ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ച 2683 കോടി രൂപ ഒന്നിനും തികയുകയില്ലെന്ന് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിച്ച വിമാനങ്ങൾക്ക് വാടകയിനത്തിൽ 34 കോടി രൂപ അടയ്ക്കാൻ ആവശ്യപ്പെടുന്നത്. രണ്ട് നിവേദനങ്ങളിലായി 5616 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസ സഹായമാണ് കേരളം ചോദിച്ചത്. ഇതിൽ രണ്ടായിരംകോടി രൂപ അടിയന്തരമായി നൽകാനും അഭ്യർത്ഥിച്ചിരുന്നു. രണ്ട് കേന്ദ്രസംഘങ്ങൾ സംസ്ഥാനത്തുടനീളം പര്യടനം നടത്തി ഡൽഹിക്ക് പോയതല്ലാതെ സഹായമിനത്തിൽ ആദ്യം ലഭിച്ച 600 കോടി രൂപയല്ലാതെ യാതൊന്നും ലഭിച്ചിട്ടില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും സഹായ വിഷയത്തിൽ തീരുമാനം നീട്ടിക്കൊണ്ടുപോവുകയാണ് പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടിവന്ന മറ്റു സംസ്ഥാനങ്ങളെ ഉദാരമായി സഹാായിക്കാറുള്ള കേന്ദ്രം കേരളത്തോടുമാത്രം ഇങ്ങനെ മുഖം തിരിഞ്ഞുനിൽക്കുന്നതിന് പിന്നിലെ രാഷ്ട്രീയം തിരിച്ചറിയാതെ പോകരുത്.

കേന്ദ്രം കൈയയച്ചു സഹായിച്ചില്ലെന്നു മാത്രമല്ല, സ്വന്തം നിലയ്ക്ക് ഫണ്ട് സ്വരൂപിക്കാനുള്ള എല്ലാ വഴികളും കൊട്ടിയടയ്ക്കുകയും ചെയ്തു. പ്രളയനാളുകളിൽ സഹായ വാഗ്‌‌ദാനവുമായി മുന്നോട്ടുവന്ന യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളെയും ഏജൻസികളെയുമെല്ലാം വിലക്കി. ഇതൊക്കെകൂടി ചേർന്ന് ആനവലിപ്പത്തിൽ കേന്ദ്രം സഹായിക്കുമെന്നാണ് ശുദ്ധമനസുകൾ കിനാവ് കണ്ടത്. അതിനൊന്നും ഭാവമില്ലെന്ന പൊള്ളുന്ന സത്യം ഇപ്പോൾ തിരിച്ചറിയേണ്ടിവരുന്നു. ആപത്തിൽ സഹായിച്ചതിന്റെ പേരിൽ കൂലിയും നൽകേണ്ടിവരുന്നത് വല്ലാത്ത വൈപരീത്യം തന്നെയാണ്. നിയമത്തിന്റെയും ചട്ടത്തിന്റെയും പേരിലാണ് മനുഷ്യത്വത്തിന് നിരക്കാത്ത ഇത്തരം നടപടികൾ തുടരുന്നതെങ്കിൽ അത്തരം കീഴ്‌നടപ്പുകൾ പൊളിച്ചെഴുതാൻ ജനങ്ങളുടെ വോട്ട് വാങ്ങി നിയമനിർമ്മാണ സഭകളിൽ കയറിപ്പറ്റിയവർക്ക് ബാദ്ധ്യതയില്ലേ? നീതിക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്ത ഏതും വേണ്ടെന്നുവയ്ക്കാൻ സർക്കാരുകൾക്ക് കഴിയും. അതിനുവേണ്ടിയുള്ളതാണല്ലോ ഭരണകൂടങ്ങൾ വെള്ളത്തിൽ മുങ്ങിച്ചാകാൻ തുടങ്ങിയവരെ ഹെലികോപ്ടറും വിമാനവുമൊക്കെ കൊണ്ടുവന്ന് രക്ഷപ്പെടുത്തി

സുരക്ഷിതകേന്ദ്രങ്ങളിലെത്തിക്കുകയെന്നത് ഭരണകൂടത്തിന്റെ ചുമതലയാണ് . അസാധാരണ സാഹചര്യങ്ങളുണ്ടാകുമ്പോൾ സിവിലിയൻ അധികൃതരെ സഹായിക്കുകയെന്നത് സേനകളുടെ ധർമ്മവുമാണ്. പ്രളയ കാലത്ത് സംസ്ഥാനത്ത് വിവിധ സേനാവിഭാഗങ്ങൾ ചെയ്തത് വലിയ പുണ്യപ്രവൃത്തിതന്നെയാണ്. അതിന് സംസ്ഥാന ജനത എന്നെന്നും അവരോട് കടപ്പെട്ടിരിക്കും. എന്നാൽ അതിന്റെ പേരിൽ സംസ്ഥാന സർക്കാരിന് ബിൽ വച്ചുനീട്ടുന്നതിനോട് യോജിക്കാനാവില്ല. സംസ്ഥാനം ആവശ്യപ്പെടാതെതന്നെ കേന്ദ്രം ഇൗ ചെലവ് വഹിക്കേണ്ടതായിരുന്നു. അതിനുള്ള ഹൃദയവിശാലത കാണിച്ചില്ലെന്നതോ പോകട്ടെ, സംസ്ഥാനത്തിന് അർഹമായ സഹായമെങ്കിലും യഥാസമയം നൽകാൻ കൂട്ടാക്കിയില്ല. ദുരിതാശ്വാസ സഹായം നൽകുന്നതിൽ കാണിക്കുന്ന പ്രകടമായ ഇരട്ടത്താപ്പിനെതിരെ ജനങ്ങളുടെ ദുരിതമോർത്ത് സദാ കള്ളക്കണ്ണീരൊഴുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഒരുവാക്കുപോലും ഉരിയാടുന്നില്ല. ഒറ്റക്കെട്ടായി നിന്നാലല്ലേ ഇത്തരം സന്ദർഭങ്ങളിൽ എന്തെങ്കിലും ഗുണമുണ്ടാകൂ.