sabarimla

തിരുവനന്തപുരം:ശബരിമലയിലെ വികസന പ്രവർത്തനങ്ങൾ മാസ്റ്റർ പ്ളാൻ നിർദ്ദേശമനുസരിച്ച് മാത്രമായിരിക്കണം എന്ന വ്യവസ്ഥ ദേവസ്വം ബോർഡ് ലംഘിച്ചതായി ഇടതുസർക്കാരിന്റെ ആദ്യവർഷത്തെ സാമ്പത്തിക മേഖലാ ആഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.ഖരമാലിന്യവും മലിനജലവും സംസ്‌കരിക്കുന്നതും ഭൂഗർഭ വൈദ്യുത കേബിൾ സ്ഥാപിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങളിലാണ് വീഴ്ച വരുത്തിയത്.

മാസ്റ്റർ പ്ളാനിലെ ഖരമാലിന്യ സംസ്‌കരണ മാർഗ്ഗരേഖ പ്രകാരമുള്ള കംപോസ്റ്റിംഗ് സൗകര്യം പമ്പയിൽ സ്ഥാപിക്കുന്നതിലാണ് വീഴ്ച വരുത്തിയത്. ഇത് ശബരിമല വികസനത്തിനായി ഭാവിയിൽ വനഭൂമി കിട്ടാനുള്ള അപേക്ഷയിൽ അനുകൂല തീരുമാനം ഉണ്ടാകുന്നതിന് പ്രതിസന്ധിയാകും. കടുവ സംരക്ഷണ മേഖലയായ ശബരിമല വനഭൂമിയിൽ കടുവസംരക്ഷണ പദ്ധതികൾക്ക് വിഘാതമായി ചൂണ്ടിക്കാട്ടിയിട്ടുളളത് തീർത്ഥാടന കേന്ദ്രത്തിന്റെ സാന്നിധ്യമാണ്.

ശബരിമലയിലെ രണ്ട് മലിനജല സംസ്‌കരണ പ്ളാന്റുകളിൽ ഒന്ന് പമ്പയിലും മറ്റൊന്ന് സന്നിധാനത്തുമാണ്. ഹോട്ടലുകളിലെ മലിനജലം പമ്പ പ്ളാന്റിലേക്ക് ഒഴുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടില്ല. മാത്രമല്ല കുമ്പളംതോടിന് അടുത്തുള്ള കെട്ടിടങ്ങളിൽ നിന്ന് സന്നിധാനത്തെ പ്ളാന്റിലേക്ക് ഒാടവെള്ള പൈപ്പുകൾ ബന്ധിപ്പിച്ചിട്ടില്ല. രണ്ട് നടപടികളും മാസ്റ്റർപ്ളാനിന് വിരുദ്ധമാണ്. മലിനജലം കുമ്പളം തോടും തീർത്ഥാടകരെത്തുന്ന പമ്പയും കൂടുതൽ മലിനമാക്കാൻ ഇത് കാരണമാകും.

മാസ്റ്റർപ്ളാനിൽ നിർദ്ദേശിച്ച സ്ഥലങ്ങളിലൊന്നും ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിച്ചിട്ടില്ല. ഈ പ്രദേശങ്ങളിൽ നിലവിലുള്ള ഓവർഹെഡ് ലൈനിൽ നിന്ന് കാട്ടുതീയുണ്ടാകാനും അത് പ്രകൃതിക്കും വന്യജീവികൾക്കും കനത്ത നാശമുണ്ടാകാനും ഇടവരുത്തും. ഇതിനെതിരെ വനംവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.