-c-a-g-report

തിരുവനന്തപുരം: ഇടതുമുന്നണിസർക്കാരിന്റെ ആദ്യവർഷം പൊതുമരാമത്ത് വകുപ്പിന്റെ ഇടപാടുകളിൽ 60.15 കോടി രൂപയുടെ നഷ്ടം ഉണ്ടെന്ന് സി.എ.ജി. കുറ്റപ്പെടുത്തി.

വ്യവസ്ഥകൾ ലംഘിച്ചതിലൂടെ 2.33കോടിയും നിരക്ക് കണക്കാക്കുന്നതിലെ വീഴ്ചയിലൂ‌ടെ 2.05കോടിയും കരാറുകാരുമായി ഒത്തുകളിച്ച് ഉദ്യോഗസ്ഥർ നടത്തിയ ക്രമക്കേടിലൂടെ 60.15കോടിയും നഷ്ടമായി. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് കോ ഒാപറേറ്റീവ് സൊസൈറ്റിക്ക് പരിധിവിട്ടുള്ള ആനുകൂല്യങ്ങൾ നൽകിയതിലും വൻ ക്രമക്കേട് നടന്നു.

അംഗീകൃത ഏജൻസിക്ക് നൽകാവുന്ന പരമാവധി ജോലികളുടെ മൂല്യം 250കോടിയാണ്. എന്നാൽ ടെൻഡർപോലും വിളിക്കാതെ ഉൗരാളുങ്കൽ സൊസൈറ്റിക്ക് 809.93കോടിയുടെ ജോലിയാണ് നൽകിയത്. മണ്ണിൻമേൽ ഒടുക്കേണ്ട റോയൽറ്റി ഒഴിവാക്കി 1.73 കോടിയുടെയും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നതിനുള്ള റേറ്റ്കൂട്ടി നിശ്ചയിച്ച് 92.01 ലക്ഷം രൂപയുടെയും നഷ്ടം ഉൗരാളുങ്കലുമായുള്ള ഇടപാടിൽ ഉണ്ടായി.

റോഡ് ഫണ്ട് നഷ്ടക്കച്ചവടം

കേരള റോഡ് ഫണ്ട് 15വർഷം കൊണ്ട് 64.318കിലോമീറ്റർ റോഡ് മാത്രമാണ് നിർമ്മിച്ചത്. കോടികളുടെ അനാവശ്യ ബാദ്ധ്യതയും വരുത്തി. 2007ൽ റോഡ്സ് ആൻഡ് ബ്രിഡ്‌ജസിന് നൽകിയ 53.69 കോടിയുടെ വായ്പ ഒരു രൂപ പോലും തിരിച്ചു വാങ്ങിയിട്ടില്ല. കാലാവധി കഴിഞ്ഞിട്ടും ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ അധികാരത്തിൽ തുടർന്ന് വൻ ബാദ്ധ്യത വരുത്തി. കരാറുകാരന് വിലകൂട്ടിയെഴുതാൻ അനുവദിച്ച് 10.74കോടിയും അധികാര പരിധിവിട്ട് ട്രാഫിക് വാർഡൻമാരെ നിയമിച്ച് 79.50 ലക്ഷം രൂപയും നിർമ്മാണം തുടങ്ങാതെ കരാറുകാർക്ക് മുൻകൂർ തുക നൽകി 5.11കോടിയും നഷ്ടമുണ്ടാക്കി. വകുപ്പ് സെക്രട്ടറിയുടെ മുറി മോടിപിടിപ്പിക്കാൻ 0.90 ലക്ഷവും വകുപ്പിന്റെ മാസിക ഇറക്കാൻ 23.03ലക്ഷം രൂപയും ക്രമരഹിതമായി ചെലവഴിച്ചു.