തിരുവനന്തപുരം: മഹാപ്രളയത്തിൽ മുങ്ങിത്താണ കേരളത്തെ രക്ഷിച്ചതിന് 34 കോടി രൂപ കൂലിയായി ആവശ്യപ്പെട്ടില്ലെന്നും രക്ഷാദൗത്യത്തിൽ വ്യോമസേനയ്ക്കുണ്ടായ ചെലവിന്റെ കണക്ക് മാത്രമാണെന്നും സൈന്യം. ഒമ്പത് ജില്ലകളിൽ രക്ഷാദൗത്യവും ഭക്ഷണ-മരുന്ന് വിതരണവും കുടുങ്ങിപ്പോയവരെ എയർലിഫ്‌റ്റിംഗും നടത്തിയ ഇന്ധനചാർജ് ഇനത്തിലുമാണ് വ്യോമസേനയ്ക്ക് ഇത്രയും ചെലവുണ്ടായത്. ഈ വിവരം സർക്കാരിനെ അറിയിക്കുകയാണ് വ്യോമസേനാ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ചെയ്തത്. സൈനികേതര ആവശ്യങ്ങൾക്ക് സൈന്യത്തെ നിയോഗിക്കുമ്പോൾ ചെലവുവരുന്ന ഓരോ രൂപയും കൃത്യമായി രേഖപ്പെടുത്തുന്നത് പതിവാണ്. ഇതുപ്രകാരമാണ് 33,79,77,250 രൂപയുടെ കണക്കുണ്ടായത്- സൈനിക വൃത്തങ്ങൾ വിശദീകരിക്കുന്നു.
സൈനികേതര ദൗത്യങ്ങൾക്കുള്ള കണക്ക് സംസ്ഥാനങ്ങൾക്ക് നൽകുന്നത് സാധാരണമാണ്. വി.ഐ.പികളുടെ യാത്രയ്ക്കായും ആകാശനിരീക്ഷണത്തിനും തീയണയ്ക്കാനും ശബരിമലയിലെ ആകാശനിരീക്ഷണത്തിനും സേനാകോപ്ടറുകൾ വിളിച്ചപ്പോഴെല്ലാം സർക്കാരിന് കണക്ക് നൽകിയിട്ടുണ്ട്. മിക്കതിനും പണം അടയ്ക്കുകയും ചെയ്തു. പ്രളയരക്ഷാദൗത്യത്തിനുള്ള ചെലവ് വീട്ടുന്നത് സർക്കാരിന്റെ കാര്യമാണ്. കേന്ദ്രവുമായി ചർച്ചയിലൂടെ ഈ തുക ഗ്രാന്റായി മാറ്റാനോ പ്രത്യേകസാഹചര്യം പരിഗണിച്ച് എഴുതിത്തള്ളാനോ സാധിക്കും. പക്ഷേ, സേനയുടെ കണക്കുപുസ്തകത്തിൽ ഈ തുക എഴുതിയേ പറ്റൂ. കേരളത്തിന് കത്തയച്ച ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർക്ക് മുകളിൽ പ്രിൻസിപ്പൽ കൺട്രോളറും കൺട്രോളർ ജനറൽ ഒഫ് ഡിഫൻസ് അക്കൗണ്ട്സും (സി.ജി.ഡി.എ) പാർലമെന്ററി സമിതിയുമുണ്ട്. ഇവരുടെയെല്ലാം പരിശോധനയ്ക്ക് ഈ കണക്കുകൾ നൽകേണ്ടതാണ്. പുറമേ ആഭ്യന്തര ആഡിറ്റുമുണ്ട്.
30 ദിവസം സമയം
രക്ഷാദൗത്യത്തിന്റെ ചെലവിനെക്കുറിച്ച് ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ 30 ദിവസത്തിനകം അറിയിക്കണമെന്ന് വ്യോമസേന സർക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാദൗത്യത്തിന്റെ പണം അടയ്ക്കാൻ ന്യൂഡൽഹി ആർ.കെ.പുരം എസ്.ബി.ഐശാഖയിലെ അക്കൗണ്ട് നമ്പറുമുണ്ട്. ചെക്കായോ ഡ്രാഫ്‌റ്റായോ പണം സ്വീകരിക്കുമെന്നും കൺട്രോളർ ഒഫ് ഡിഫൻസ് അക്കൗണ്ട്സിന്റെ (എയർഫോഴ്സ്)കത്തിലുണ്ട്.
ബിൽ ഇനിയുംവരും
നാവികസേന, തീരസംരക്ഷണസേന എന്നിവയുടെ ബില്ലുകൾ ഇനി വരാനിരിക്കുന്നേയുള്ളു. കരസേന സാധാരണ ചെലവ് അറിയിക്കാറില്ല.
നാവികസേനയുടെ 104 ബോട്ട്, 14 വിമാനങ്ങൾ. പത്തിലേറെ കപ്പലുകൾ,കോസ്റ്റ്‌ഗാർഡിന്റെ 74 ബോട്ട് എന്നിവയും രക്ഷാദൗത്യത്തിനുണ്ടായിരുന്നു.
''കേന്ദ്രം ഇങ്ങോട്ട് തരേണ്ടത് ആദ്യം തരട്ടെ. അതിനുശേഷം തീരുമാനിക്കാം. ജീവൻ പണയം വച്ച് സൈനികർ ജനങ്ങളെ രക്ഷിച്ചതിന്റെ കൂലിയാണ് മോദിസർക്കാർ ആവശ്യപ്പെടുന്നത്. ആരുടെ മുന്നിലും ആത്മാഭിമാനം പണയംവയ്ക്കില്ല.''
-മുഖ്യമന്ത്രിയുടെ ഓഫീസ്