vishnu

ചിറയിൻകീഴ്: താലൂക്ക് ആശുപത്രിയിൽ 25 ഡയാലിസിസ് രോഗികൾക്കും സൂപ്രണ്ട് നിർദ്ദേശിക്കുന്ന നിർദ്ധനരായ കാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ നൽകിവരുന്ന ധനസഹായം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം വിതരണം ചെയ്‌തു. ഡയാലിസിസിന് വേണ്ടി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന 15 ലക്ഷം രൂപ അടുത്ത വർഷം മുതൽ 20 ലക്ഷം രൂപയാക്കി ഉയർത്തുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് പറഞ്ഞു. നിർദ്ധന രോഗികളുടെ ചികിത്സയ്‌ക്ക് വേണ്ടിയുള്ള വിഷ്‌ണുഭക്തന്റെ കാരുണ്യ പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷബ്നം, ശിവദാസ് എന്നിവർ പങ്കെടുത്തു.