വെള്ളറട: കെ.എസ് ആർ.ടി.സി വെള്ളറട ഡിപ്പോയുടെ പ്രവർത്തനം അവതാളത്തിൽ ആയതോടെ മലയോരമേഖലയിൽ ബസ് കാത്തുനിന്ന് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ മടുത്തു. ഡ്രൈവറുടെ ക്ഷാമം കാരണം പ്രധാന റൂട്ടുകളിൽ പോലും ഷെഡ്യൂൾ ക്യാൻസൽ ചെയ്യുകയാണ്. 45 ഷെഡ്യൂളുകൾ ഉള്ള ഡിപ്പോയിൽ ആവശ്യത്തിന് ബസുകൾ ഉണ്ടെങ്കിലും പ്രധാന സർവീസ് നടത്താൻ പോലും കഴിയാറില്ല. 22 ഡ്രൈവർമാരുടെ കുറവാണ് ഡിപ്പോയിൽ. സർവീസ് കുറച്ചതോടെ വരുമാനത്തിലും ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. 6 ലക്ഷത്തോളം വരുമാനം ഉണ്ടായിരുന്ന ഡിപ്പോയിൽ ഇപ്പോൾ 4 ലക്ഷത്തിന് താഴെയാണ് വരുമാനം. സർവീസുകൾ വെട്ടിക്കുറച്ചതോടെ ദിവസവും ബസിനെ ആശ്രയിക്കുന്ന യാത്രക്കാരാണ് ദുരിതത്തിലായത്. ദൂരെയാത്രചെയ്യുന്നവരും കുട്ടികളും ഏറെദൂരം നടന്നാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. നാളുകളായി പ്രദേശത്തെ ജനങ്ങൾ നേരിടുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒപ്പം സ്ഥലം മാറ്റവും
നേരത്തെ ഉണ്ടായിരുന്ന ഡ്രൈവർമാരിൽ 32 പേർ ഒരുമിച്ച് സ്ഥലംമാറി പോയി. പകരം എത്തിയതാകട്ടെ 15 പേർ മാത്രമാണ്. ഇതിൽ നിന്നും ശബരിമല സീസൺ പ്രമാണിച്ച് 5 പേരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ നാട്ടുകാരുടെ യാത്രാദുരിതം വർദ്ധിച്ചു. പ്രധാന റൂട്ടിലും ഇട റൂട്ടുകളിലും ആവശ്യത്തിനുപോലും സർവീസുകൾ ഇല്ലാതായി. സ്കൂൾ സമയങ്ങളിൽ കൃത്യമായി കുട്ടികൾക്ക് എത്താൻ കഴിയാത്ത ആവസ്ഥയിലാണ്. സ്കൂൾ സമയത്തെങ്കിലും സർവീസ് കാര്യക്ഷമമാക്കണമെന്ന് സ്കൂൾ അധികൃതർ സ്ഥലം എം.എൽ.എയ്ക്കും കെ.എസ്.ആർ.ടി.സി അധികൃതർക്കും നിവേദനം നൽകിയിട്ടുണ്ട്.
എന്നാൽ ജീവനക്കാരില്ലാതെ എങ്ങനെ യാത്രാദുരിതത്തിന് പരിഹാരം കണാൻ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെ ചോദ്യം. അടിയന്തിരമായി എംപാനൽ വഴിയെങ്കിലും ഡ്രൈവർമാരെ നിയമിച്ചാൽ മാത്രമേ ബസ് സർവീസ് കാര്യക്ഷമമാക്കാൻ സാധിക്കുകയുള്ളുവെന്ന് കാണിച്ച് വെള്ളറട ഡിപ്പോ അധികൃതർ കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥർക്ക് രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്.