march

കിളിമാനൂർ: പുതിയകാവ് - തകരപ്പറമ്പ് റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ പൊതുമരാമത്ത് റോഡ് വിഭാഗം ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. ഒന്നര വർഷം മുമ്പ് ആരംഭിച്ച പുറംപ്പോക്ക് ഏറ്റെടുത്തുളള റോഡ് വികസനം ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്.

റോഡ് വികസനം അടിയന്തരമായി പൂർത്തിയാക്കണം, റോഡ് പണി പൂർത്തിയാകുന്നതുവരെ റോഡിൽ പൊടിപടലം തടയാനായി വെള്ളം തളിക്കുക, സ്ഥലം ഏറ്റെടുപ്പിൽ അപാകത ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സി.പി.ഐ കിളിമാനൂർ ലോക്കൽ കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

മാവിൻമൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറ് കണക്കിന് പേർ പങ്കെടുത്തു. തുടർന്ന് പി.ഡബ്ലി.യു ഓഫീസിന് മുന്നിൽ നടന്ന ധർണ സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി അഡ്വ. പി.ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ധനപാലൻ നായർ അദ്ധ്യക്ഷനായിരുന്നു. ബി.എസ്. റജി സ്വാഗതം പറഞ്ഞു. എ.എം. റാഫി, ടി.എം. ഉദയകുമാർ, വി. സോമരാജകുറുപ്പ്, യു.എസ്. സുജിത്ത്, ആർ.എസ്. രാഹുൽരാജ്, സജികുമാർ ബി.എസ്. , ജി.ബാബുകുട്ടൻ, ജെ.സുരേഷ്, എസ്.സനു, കെ.ജി.ശ്രീകുമാർ, വി.മാധവൻ പിള്ള, വി.ധരളിക,എന്നിവർ സംസാരിച്ചു. കിളിമാനൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ .സി.സുകുമാരപിള്ള, എൽ.ബിന്ദു, ബി.അനീസ്, ജെ.എം.നിസാം, എസ്.വി.മനു, വിജയകുമാർ പനപ്പാംകുന്ന്, സുഹൈൽ ചൂട്ടയിൽ, സജികുമാർ, എന്നിവർ നേതൃത്വ നൽകി.