തിരുവനന്തപുരം: ശബരിമലയിലെ സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റിയത് സമരത്തിന് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും തീവ്രത ഇല്ലാതാക്കുമെന്നും വെറും രാഷ്‌ട്രീയ സമരമായി അധഃപതിക്കുമെന്നുമുള്ള വാദം ബി.ജെ.പി - ആർ.എസ്.എസ് നേതൃത്വങ്ങൾക്കിടയിൽ ശീതസമരം രൂക്ഷമാക്കുന്നു. ഇതേ ചൊല്ലി ബി.ജെ.പിയിലും അസ്വസ്ഥത പുകയുന്നു.
ആചാരത്തെ വൈകാരികമായി മുതലെടുക്കാനുള്ള അവസരം ബി.ജെ.പി നേതൃത്വം ശബരിമലയിലെ സമരത്തെ രാഷ്ട്രീയവത്കരിച്ച് ഇല്ലാതാക്കിയെന്നാണ് ആർ.എസ്.എസ് നേതൃത്വത്തിന്റെ വികാരം. അതുകൊണ്ടുതന്നെ ആർ.എസ്.എസ് നിർദ്ദേശപ്രകാരമാണ് സമരവേദി ശബരിമലയിൽ നിന്ന് സെക്രട്ടേറിയറ്റ് പടിക്കലേക്ക് ബി.ജെ.പി നേതൃത്വം മാറ്റിയതെന്നറിയുന്നു.
എന്നാൽ ആചാരത്തെയും വിശ്വാസത്തെയും വൈകാരിക തീവ്രതയോടെ മുതലെടുക്കാൻ സമരവേദി ശബരിമല തന്നെ ആയിരിക്കുന്നതാണ് നല്ലതെന്നാണ് ബി.ജെ.പി നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പക്ഷം. ശബരിമലയിലെ സമരത്തിന് സമാനതകളില്ലെന്നും രാഷ്‌ട്രീയമായും വൈകാരികമായും അത് നൽകുന്ന മൈലേജ് സെക്രട്ടേറിയറ്റ് പടിക്കലെ സമരത്തിൽ നിന്ന് കിട്ടില്ലെന്നും അത് മറ്റേതൊരു സമരത്തെയും പോലെ സർവസാധാരണമായി പോകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, സമരം ശബരിമലയിൽ നിന്ന് മാറ്റുന്നത് സി.പി.എമ്മിനും സർക്കാരിനും ഒരു വിജയം താലത്തിൽ വച്ച് സമ്മാനിക്കുന്നതിന് തുല്യമാണെന്നും സി.പി.എമ്മിന് വഴങ്ങുകയാണെന്നും ശക്തമായ ആക്ഷേപവും അവർക്കുണ്ട്. സമരം ഒത്തുതീർപ്പാക്കാൻ ആത്മാഭിമാനമുള്ള ഒരു പ്രവർത്തകനും അനുവദിക്കില്ലെന്നും ഒരു അദ്ധ്യക്ഷനും അതിന് മുതിരില്ലെന്നുമുള്ള വി. മുരളീധരന്റെ പ്രസ്‌താവന ഈ അമർഷത്തിന്റെ പ്രകടമായ പ്രതിഫലനമാണ്.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ജയിലിൽ കിടക്കുമ്പോൾ ശബരിമലയിലെ സമരം അവസാനിപ്പിച്ചെന്ന പ്രതീതി സൃഷ്ടിച്ചതും ബി.ജെ.പിയിൽ ഭിന്നതയ്‌ക്ക് വഴിവച്ചു. സുരേന്ദ്രനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധത്തിന് ശൗര്യം പോരെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗത്തിന് നേരത്തേ മുതലേ ഉണ്ട്. ഈ ഘട്ടത്തിൽ സമരത്തിൽ നിന്ന് പിറകോട്ട് പോകുന്നതും അവർക്ക് തിരിച്ചടിയായി.
എന്നാൽ, പാർട്ടിയിലെ ശക്തമായ മുറുമുറുപ്പിനെ അതിജീവിക്കാനെന്നോണം, സമരം മാറ്റിയിട്ടില്ലെന്നും വ്യാപിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ച് ഔദ്യോഗികചേരി രംഗത്തെത്തിയിട്ടുണ്ട്.
ഈ നിർണായക ഘട്ടത്തിൽ ബി.ജെ.പിയിലെ ചേരിപ്പോരിൽ ആർ. എസ്. എസിന് അതൃപ്തിയുണ്ട്. സമരത്തിൽ ബി.ജെ.പി നേതൃത്വത്തിന്റെ പല രീതികളും ആർ.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ശശികലയ്‌ക്ക് പിന്നാലെ കെ.സുരേന്ദ്രനെ കെട്ടും കെട്ടി ശബരിമലയിലേക്ക് അയച്ചത് തങ്ങളോട് ആലോചിക്കാതെയാണെന്ന
ആക്ഷേപം ആർ. എസ്. എസിനുണ്ട്. സമരത്തെ രാഷ്ട്രീയവത്കരിച്ചത് വിശ്വാസികളിൽ അവിശ്വാസം സൃഷ്ടിക്കാൻ വഴിയൊരുക്കുന്നുവെന്ന അഭിപ്രായവും ആർ.എസ്.എസിൽ ശക്തമായതോടെയാണ് സമരവേദി മാറ്റാൻ നിർദ്ദേശിച്ചതെന്നാണ് വിവരം.
ബി.ജെ.പിയിലെ ചേരിതിരിവിന്റെ ഭാഗമായി ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിനെതിരെ അഖിലേന്ത്യാ നേതൃത്വത്തിന് പരാതി നൽകിയതായും അറിയുന്നു. അതേത്തുടർന്നാണ് ശബരിമലയിലെ സ്ഥിതി നേരിട്ടറിയാൻ എം.പിമാരുടെ സമിതിയെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നിയോഗിച്ചത്.
സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള കെ. സുരേന്ദ്രനെ ജയിലിൽ സന്ദർശിക്കാൻ ഒരാഴ്ച വൈകിയതും സുരേന്ദ്രന്റെ കാര്യം നിയമസഭയിൽ ഒ. രാജഗോപാൽ ഉന്നയിക്കാതിരുന്നതും സുരേന്ദ്രന് പാർട്ടി നേതൃത്വം
വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന തോന്നലും മറുവിഭാഗത്തിന്റെ അതൃപ്തിക്ക് വഴിയൊരുക്കിയിട്ടുണ്ട്.