fishermen

തിരുവനന്തപുരം: കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സഹായത്തിനായി 5000 നാവിക് അടിയന്തരമായി നിർമ്മിക്കാനുള്ള ധാരണപത്രത്തിൽ ഫിഷറീസും കെൽട്രോണും ഒപ്പുവച്ചു. മന്ത്രിമാരായ ഇ.പി. ജയരാജൻ,​ മേഴ്സികുട്ടി അമ്മ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സെക്രട്ടേറിയറ്റിലെ പി.ആർ. ചേമ്പറിലാണ് പരിപാടി നടന്നത്.

ഐ.എസ്.ആർ.ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെൽട്രോണാണ് നാവിക് ഉപകരണങ്ങൾ നിർമ്മിച്ച് നൽകുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ ഐ.എസ്.ആർ.ഒയുടെ ചെലവിൽ 1,​000 ഉപകരണങ്ങൾ നിർമ്മിച്ച് നൽകി. ഇവ സൗജന്യമായി മത്സ്യത്തൊഴിലാളികൾക്ക് നൽകും. ബാക്കിയുള്ളവയിൽ അയ്യായിരം ഉപകരണങ്ങൾ നിർമ്മിക്കാനുള്ള ധാരണാപത്രത്തിലാണ് ഇപ്പോൾ കെട്രോൺ ഒപ്പുവച്ചിരിക്കുന്നത്.

കടലിൽ നിന്നുള്ള സന്ദേശങ്ങൾ തിരികെ തീരത്ത് കിട്ടാനുള്ള സാങ്കേതിക വിദ്യകൂടി ഉൾപ്പെടുത്തിയാകും ബാക്കിയുള്ള യൂണിറ്റുകൾ നിർമ്മിക്കുക. മത്സ്യത്തൊഴിലാളികൾക്ക് മൊബൈൽ ആപ്പ് വഴി സന്ദേശമെത്തിക്കാൻ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനുമായി ധാരണയായതായും അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ഹേമലത, വിഭാമിശ്ര, വീർകുമാർ ചോപ്ര, ഡോ.എ.വിജയചന്ദ്ര, ബി. ബാലകുമാർ, അഭിലാഷ്.വി തുടങ്ങിയവർ പങ്കെടുത്തു.

ചെലവ് - 15.92 കോടി രൂപ

നാവിക് ഉപകരണങ്ങളുടെ കവറേജ് - 1500 കിലോമീറ്റർ വരെ

ഉപകരണം നൽകുന്നത് - 15,000 പേർക്ക് (തീരദേശ ജില്ലകളിൽ നിന്ന് പന്ത്രണ്ട് നോട്ടിക്കൽ മൈൽ കൂടുതൽ ദൂരത്തേക്ക് മീൻ പിടിക്കാൻ പോകുന്ന യാനങ്ങളുടെ ഉടമസ്ഥരിൽ നിന്ന് തെരഞ്ഞെടുത്തവർക്ക്)

പ്രയോജനം - ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം എന്നിവ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിർത്തി, മത്സ്യബന്ധന സാദ്ധ്യതാ മേഖല എന്നിവ സംബന്ധിച്ചുമുള്ള സന്ദേശം നൽകാം