തിരുവനന്തപുരം: നഗരസഭ ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്രീൻകോൺഗ്രസ് ഇന്ന് തുടങ്ങും. ഹരിതസംസ്കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ എസ്.എം.വി ഹയർ സെക്കൻഡറി സ്‌കൂളിലാണ് കോൺഗ്രസ് സഘടിപ്പിക്കുന്നത്. ദുരന്തകാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രളയ മേഖലയിൽനിന്നുള്ള കുട്ടികളുടെ സംഘം ഇന്നലെ നഗരത്തിലെത്തി. നവകേരള നിർമ്മിതി സംബന്ധിച്ച് വിദ്യാർത്ഥികളുടെ കാഴ്ചപ്പാട് രൂപീകരിച്ച് സർക്കാരിന് സമർപ്പിക്കുന്നതിനുള്ള 'ചങ്കാണ് ചങ്ങായി' പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികളെ റെയിൽവേസ്റ്റേഷനിൽ മേയർ വി.കെ. പ്രശാന്തും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറും ഗ്രീൻ ആർമി പ്രവർത്തകരും സ്വീകരിച്ചു. തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽനിന്ന് പ്രതിനിധികളെത്തിയത്. ഗ്രീൻകോൺഗ്രസിന്റെ പ്രചാരണാർത്ഥം ഇന്നലെ നടന്ന സൈക്കിൾ റാലി മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഗ്രീൻ ആർമിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇൻഡസ് സൈക്ലിംഗ് എംബസിയാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. ഡെപ്യൂട്ടിമേയർ രാഖി രവികുമാർ ഫ്ലാഗ് ഒഫ് ചെയ്ത സൈക്കിൾ റാലിയിൽ മേയർ ആദ്യവസാനം പങ്കെടുത്തു.