മലയിൻകീഴ് : ഊരൂട്ടമ്പലം സർവീസ് സഹകരണ ബാങ്കിലേക്ക് 16ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ച് മത്സരിക്കും. വർഷങ്ങളായി പ്രസിഡന്റ്‌ സ്ഥാനത്ത് തുടരുന്ന പി. കുട്ടപ്പൻ നായർ നയിക്കുന്ന പാനലിലാണ് ഇരു കക്ഷികളും ഒന്നിച്ച് മത്സരിക്കുന്നത്. ബി.ജെ.പി മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. അജികുമാർ, ജി. അഖിലേഷ്, വി.വി. ഷീബാമോൾ എന്നിവരും കോൺഗ്രസ് നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായ എസ്. പ്രിയദർശിനി, ബൂത്ത്‌ പ്രസിഡന്റ്‌ എസ്. ശ്രീകണ്ഠൻനായർ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൽ. രാജേശ്വരി എന്നിവർക്കും പുറമെ പ്രത്യക്ഷ രാഷ്ട്രീയമില്ലാത്ത നിലവിലെ പ്രസിഡന്റ്‌ പി. കുട്ടപ്പൻനായരുമാണ് ഒരു പാനലിലുള്ളത്. പതിനൊന്നംഗ ബോർഡിലേക്ക് പാനലിൽ കുട്ടപ്പൻനായർ ഉൾപ്പെടെ ബി.ജെ.പി എട്ടു പേരെയും കോൺഗ്രസ് മൂന്നു പേരെയും മത്സരിപ്പിക്കും. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ജില്ലാ നേതൃത്വത്തിന്റെ ധാരണ പ്രകാരമാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് എന്നാണറിവ്. ഇടതുപക്ഷത്തെ അകറ്റിനിറുത്താനാണ് ഇരു പാർട്ടികളും ഒന്നിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിലെ എ ഗ്രൂപ്പുകാരെ മാത്രം ഉൾക്കൊള്ളിച്ചതിനെതിരെ ഐ ഗ്രൂപ്പിൽ അമർഷം പുകയുകയാണ്. ആരോപണങ്ങളുടെ നടുവിലാണ് നിലവിലെ ഭരണസമിതിയെങ്കിലും ബി.ജെ.പിയെയും കോൺഗ്രസിലെ ഒരുവിഭാഗത്തെയും ഒപ്പം കൂട്ടാൻ കഴിഞ്ഞത് ഇവർ നേട്ടമായി കണക്കാക്കുകയാണ്. ഇടതുപക്ഷ പാനൽ ഇനിയും സജീവമായിട്ടില്ല. നിരവധി സ്വതന്ത്രരും നാമനിർദ്ദേശ പത്രിക നൽകിയിട്ടുണ്ട്.