റേഷൻ വിതരണം നീട്ടി
നവംബർ മാസത്തെ റേഷൻ വിതരണത്തിനുള്ള സമയപരിധി കോഴിക്കോട് ജില്ലയ്ക്ക് 5 വരെയും മറ്റെല്ലാ ജില്ലകൾക്കും ഇന്ന് കൂടിയും ദീർഘിപ്പിച്ചു.
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള മദ്രസാധ്യാപക ക്ഷേമനിധിയിൽ നിന്നും പ്രതിമാസ പെൻഷൻ കൈപ്പറ്റുന്ന എല്ലാ അംഗങ്ങളും തുടർന്നും പെൻഷൻ ലഭിക്കുന്നതിനായി ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് 15 നകം മാനേജർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട് 4 എന്ന വിലാസത്തിൽ ഹാജരാക്കണം. ഫോൺ : 0495- 2720577, 9188230577.
വൈദ്യുതി മുടങ്ങും
കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കാര്യവട്ടം, പുല്ലാന്നിവിള വീയാട്ട്, പനക്കോട്ടുകോണം, മേനല്ലൂർ, എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
അശ്വമേധം പദ്ധതി അഞ്ചു മുതൽ
കുഷ്‌ഠരോഗബാധിതരെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തി രോഗ നിർണയം നടത്തുന്നതിനും ചികിത്സ നൽകുന്നതിനുമായി ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി നടത്തുന്ന അശ്വമേധം പദ്ധതി 5 മുതൽ 18 വരെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നടക്കും. പരിശീലനം ലഭിച്ച ആശാ പ്രവർത്തകയും സന്നദ്ധ പ്രവർത്തകനുമടങ്ങുന്ന ടീം രോഗ നിർണയത്തിനായി ഓരോ വീടുകളും സന്ദർശിക്കുകയും കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടെത്തുന്നവർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യമായി ചികിത്സ ലഭ്യമാക്കുകയും ചെയ്യും.
പരിപാടിയിലേക്ക് സന്നദ്ധ പ്രവർത്തകരായി പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പുരുഷൻമാർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. www.arogyakeralam.gov.in വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് തൈക്കാട് മാതൃശിശു ആശുപത്രി വളപ്പിലുള്ള എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ഓഫിസുമായി ബന്ധപ്പെടുക.
കാർഷിക യന്ത്രവത്കരണ പദ്ധതി:
39 ലക്ഷത്തിന്റെ സബ്‌സിഡിക്ക് അനുമതി
കാർഷിക യന്ത്രവത്കരണ പദ്ധതിയിൽപ്പെടുത്തി കൃഷി യന്ത്രങ്ങൾ വാങ്ങുന്നതിന് അപേക്ഷിച്ചവർക്ക് സബ്‌സിഡി അനുവദിക്കാൻ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരം. 61 അപേക്ഷകളിലായി 39 ലക്ഷം രൂപയുടെ സബ്‌സിഡിയാണ് അനുവദിക്കുന്നത്.
അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന പദ്ധതി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ കാർഷിക സർവകലാശാല പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽപേരെ യന്ത്രവത്കൃത കാർഷികവൃത്തിയിലേക്ക് ആകർഷിക്കാനായി പദ്ധതിയുടെ വിശദാംശങ്ങൾ കൃഷി ഭവനുകൾ മുഖേന പരമാവധി കർഷകരിലെത്തിക്കണമെന്ന് എ.ഡി.എം. പറഞ്ഞു.
(പി.ആർ.പി. 2708/2018)
പ്ലാസ്റ്റിക് ശുചീകരണം: ഫീൽഡ് വർക്കർ ഇന്റർവ്യൂ
പഞ്ചായത്തുകളുടെ പ്ലാസ്റ്റിക് ശുചീകരണ പ്രവർത്തനങ്ങൾക്ക് മാസവേതനാടിസ്ഥാനത്തിൽ 20നും 40നും മധ്യേ പ്രായമുള്ള വനിതകളെ ഫീൽഡ് വർക്കർ തസ്തികയിലേക്ക് ആവശ്യമുണ്ട്. താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപേക്ഷയുമായി 2, 3 തീയതികളിൽ രാവിലെ 10 മുതൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഗ്രീൻകേരള ചാരിറ്റബിൾ ആന്റ് വിമൻസ് വെൽഫയർ അസോസിയേഷൻ, ഇന്ദു നിവാസ്, പുന്നക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം, കോട്ടുകാൽ6955001. ഫോൺ: 9605078349, 7356329370. അപേക്ഷകർ കാഞ്ഞിരംകുളം, കരിങ്കുളം, കോട്ടുകാൽ, വിഴിഞ്ഞം (കോർപറേഷൻ ഡിവിഷൻ ഒന്നും രണ്ടും), വെങ്ങാനൂർ, കല്ലിയൂർ, ബാലരാമപുരം എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ടവരായിരിക്കണം.
(പി.ആർ.പി. 2709/2018)
അശ്വമേധം ക്രിക്കറ്റ് ടൂർണമെന്റ്
കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടിയായ അശ്വമേധത്തിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കേരളോത്സവ ക്രിക്കറ്റ് ടൂർണമെന്റിൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് തലത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിജയികളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 16 ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 7001 രൂപയും 5001 രൂപയും 1001 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. പ്രവേശനം സൗജന്യം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് 9496681584, 9656768265, 9747211415.
(പി.ആർ.പി. 2710/2018)