തിരുവനന്തപുരം : ഓഖി ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക വകമാറ്റി എന്ന് പ്രചരിപ്പിച്ചവർ ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓഖി ദുരന്ത അനുസ്‌മരണവും മത്സ്യ തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയതിനേക്കാൾ എത്രയോ കൂടുതലാണ് ചെലവഴിച്ച തുക. രാജ്യത്ത് ഒരിടത്തും സമാനമായ വിധം നഷ്ടപരിഹാരം നൽകിയിട്ടില്ല. എത്ര തുക നൽകിയാലും അതൊന്നും ജീവന് പകരമാവില്ലെന്നറിയാം. എങ്കിലും പരമാവധി സഹായം നൽകി. സംസ്ഥാനം ഇതൊക്കെ ചെയ്യുമ്പോഴും മത്സ്യ തൊഴിലാളികളുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അനുഭാവപൂർവമായ നടപടി ഉണ്ടായില്ല. നഷ്ടം വിലയിരുത്തിയ സമിതി 416 കോടി നൽകാൻ ശുപാർശ ചെയ്‌തെങ്കിലും കിട്ടിയില്ല. മത്സ്യ തൊഴിലാളികൾക്കായി സ്‌പെഷ്യൽ പാക്കേജ് കേന്ദ്രത്തിലേക്ക് സമർപ്പിച്ചെങ്കിലും കണ്ട ഭാവം നടിച്ചില്ല.
ഓഖിക്ക് ശേഷമുണ്ടായ പ്രളയത്തിൽ കേരളത്തിന്റെ രക്ഷാസേനയായാണ് മത്സ്യതൊഴിലാളികൾ രംഗത്തെത്തിയത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. അവർക്ക് എത്ര സഹായം നൽകിയാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജെ. മേഴ്‌സികുട്ടിഅമ്മ അദ്ധ്യക്ഷത വഹിച്ചു. മുഖ്യന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്റെ നിർദ്ദേശപ്രകാരമാണ് മത്സ്യ തൊഴിലാളികളെ സഹായിക്കുന്ന നാവിക് എന്ന നൂതന ഉപകരണം വികസിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കെന്തിനാണ് ഇത്രയേറെ ഉപദേശകരെന്ന ചോദ്യത്തിന് മറുപടിയാണിത്. ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്തതാണ് ഈ ഉപകരണം ഇപ്പോൾ തമിഴ്‌നാടും ഗുജറാത്തും ആവശ്യപ്പെട്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
മന്ത്രി ഇ. ചന്ദ്രശേഖരൻ തകർന്ന യാനകൾക്കും വീടുകൾക്കുമുള്ള സഹായധനം വിതരണം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പ് സൂസപാക്യം, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസന്റ്, കെ. ആൻസലൻ, കളക്ടർ കെ. വാസുകി, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു. മത്സ്യ തൊഴിലാളികളുടെ സുരക്ഷയ്‌ക്കായി 40,000 പേർക്കുള്ള ലൈഫ് ജാക്കറ്റുകളുടെയും 1000 സാറ്റലൈറ്റ് ഫോണിന്റെയും 15,000 നാവിക് ഉപകരണത്തിന്റെയും വിതരണ ഉദ്ഘാടനവും നടന്നു.