തിരുവനന്തപുരം: കായികരംഗത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കൂട്ടുനിൽക്കില്ലെന്നും അനാവശ്യ പ്രവണതകൾ അനുവദിക്കില്ലെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. തിരുവനന്തപുരം വോളി ഫാമിലി ക്ലബ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേമ്പറിൽ സംഘടിപ്പിച്ച ജിമ്മി ജോർജ് അനുസ്മരണവും ഉദയകുമാർ നാഷണൽ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമാണത്തിലിരിക്കുന്ന 57 സ്റ്രേഡിയങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാരിന്റെ ശ്രമം. ദേശീയ, അന്താരാഷ്ട്രരംഗത്ത് മെഡൽ നേടുന്ന കായികതാരങ്ങൾക്ക് ജോലി കൊടുക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. 2024ൽ കേരളത്തിൽനിന്നും ഒളിമ്പിക്സിൽ മെഡൽ നേടുകയെന്ന ലക്ഷ്യത്തോടെ താരങ്ങൾക്ക് പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് പോലീസ് താരം ഗുരീന്ദർ സിംഗിന് ഉദയകുമാർ നാഷണൽ അവാർഡ് മന്ത്രി സമ്മാനിച്ചു. സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസൻ അദ്ധ്യക്ഷത വഹിച്ചു. ഡി.ജി.പി ലോക്നാഥ് ബെഹ്റ, എഴുത്തുകാരനും സ്പോട്സ് ലേഖകനുമായ ജോൺ സാമുവൽ, സ്പോട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാർ, ജി.കിഷോർ, ലേഖ ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു. എസ്.ഗോപിനാഥ് സ്വാഗതവും പി.എസ് അബ്ദുൾ റസാഖ് നന്ദിയും പറഞ്ഞു.