prithwi-shah-injury
prithwi shah injury

സിഡ്‌നി : ആസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടിയായി ഒാപ്പണർ പൃഥ്വി ഷായ്ക്ക് പരിക്കേറ്റു. ഇന്നലെ ക്രിക്കറ്റ് ആസ്ട്രേലിയ ഇലവനെതിരായ സന്നാഹ ചതുർദിന മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് പൃഥ്വിക്ക് കാൽക്കുഴയ്ക്ക് പരിക്കേറ്റത്. ഇതോടെ ഇൗമാസം ആറിന് അഡ്‌ലെയ്ഡിൽ തുടങ്ങുന്ന ആദ്യടെസ്റ്റിൽ കൗമാര പ്രതിഭയ്ക്ക് കളിക്കാൻ കഴിയില്ല.

ക്രിക്കറ്റ് ആസ്ട്രേലിയ ഇലവന്റെ ബാറ്റിംഗിനിടെ ബൗണ്ടറി ലൈനിനരികിൽ ക്യാച്ചെടുക്കാൻ ഉയർന്നു ചാടുന്നതിനിടെയാണ് ഇടത് കാൽക്കുഴയ്ക്ക് പരിക്കേറ്റത്. നടക്കാനാകാതെ ഗ്രൗണ്ടിൽ വീണുപോയ താരത്തെ ഇന്ത്യൻ ടീം ഫിസിയോയും സഹായിയും ചേർന്ന് എടുത്താണ് ഡ്രസിംഗ് റൂമിലെത്തിച്ചത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ച് സ്കാനിംഗിന് വിധേയനാക്കി. ലിഗമെന്റിന് പരിക്കുണ്ടെന്ന് തെളിഞ്ഞതിനാൽ ഡോക്ടർമാർ വിശ്രമം വിധിച്ചു.

. വിൻഡീസിനെതിരെ രാജ്കോട്ടിൽ നടന്ന ആദ്യടെസ്റ്റിലാണ് പൃഥ്വി ഷാ ഒാപ്പണറായി അരങ്ങേറിയത്.

. അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു.

. കളിച്ച രണ്ട് ടെസ്റ്റുകളിൽ നിന്ന് ഒാരോ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയുമടക്കം 234 റൺസടിച്ചു.

. ക്രിക്കറ്റ് ആസ്ട്രേലിയയ്ക്കെതിരായ സന്നാഹമത്സരത്തിലും അർദ്ധ സെഞ്ച്വറി (66) നേടിയിരുന്നു.

സന്നാഹ മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ഇന്ത്യ ഉയർത്തിയ 358 റൺസിനെതിരെ ക്രിക്കറ്റ് ആസ്ട്രേലിയ ഇലവൻ 356/6 എന്ന നിലയിലെത്തി. ഷോർട്ട് (74), ബ്രയാന്റ് (62), നീൽസൺ (56), ഹാർഡി (69) എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി.