pinarayi

തിരുവനന്തപുരം: സെക്രട്ടേറിയ​റ്റിന് അകത്തും പുറത്തും പൊതുവേദികളിലും പ്രവേശിക്കുന്നതിനും മുഖ്യമന്ത്റിയുടെയും മന്ത്റിമാരുടെയും പ്രതികരണം ആരായുന്നതിനും മാദ്ധ്യമ പ്രവർത്തകർക്കു നിയന്ത്റണം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലർ പുനഃപരിശോധിക്കാൻ മുഖ്യമന്ത്റി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് നിർദ്ദേശം നൽകി. പരിശോധിച്ച് ആവശ്യമായ മാ​റ്റം വരുത്താനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയും കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ വി.എം. സുധീരനും രംഗത്തെത്തിയിരുന്നു.

പുതിയ സർക്കുലർ പ്രകാരം മാദ്ധ്യമങ്ങൾക്കു നിയന്ത്റണം ഏർപ്പെടുത്തിയതിനൊപ്പം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനു കനത്ത ഉത്തരവാദിത്വമാണ് നൽകിയത്. പി.ആർ.ഡിയിലെ വിവിധ വകുപ്പുകളിലേക്ക് അക്രഡി​റ്റേഷൻ അല്ലെങ്കിൽ പ്രവേശന പാസ് ഉള്ളവരെ മാത്രമേ കടത്തിവിടൂ. മ​റ്റുള്ളവർക്കു സന്ദർശന സമയത്തു പ്രവേശിക്കാം. പൊതു സ്ഥലങ്ങളിൽ വച്ചു മുഖ്യമന്ത്റിയുടെയും മന്ത്റിമാരുടെയും പ്രതികരണം എടുക്കുന്നതിനും നിയന്ത്റണം ഏർപ്പെടുത്തി. മുഖ്യമന്ത്റിയോ മന്ത്റിമാരോ മാദ്ധ്യമങ്ങളുമായി സംവദിക്കുന്ന കാര്യം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനെ മുൻകൂട്ടി അറിയിക്കണം.

സമയം ലഭിക്കാത്ത സാഹചര്യത്തിൽ നേരിട്ടും അറിയിപ്പാകാം. മാദ്ധ്യമങ്ങളുമായി സംവദിക്കാൻ പി.ആർ.ഡി പ്രത്യേക സ്ഥലം ഒരുക്കണം. പ്രത്യേക സ്ഥലത്തു വച്ചു മാത്രം പ്രതികരണം എടുക്കണം. ഇതിന്റെ ചുമതല ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർക്കായിരിക്കും. വിമാനത്താവളം, റെയിൽവേ സ്​റ്റേഷൻ, ഗസ്​റ്റ് ഹൗസ്, സെക്രട്ടേറിയ​റ്റ് എന്നിവിടങ്ങളിൽ പി.ആർ.ഡി അനുമതിയോടെ മാത്രമേ ഇവരെ കാണാനാകൂ. സെക്രട്ടേറിയ​റ്റ് നോർത്ത് ബ്ലോക്ക്, അനക്‌സ് ഒന്ന്, രണ്ട്, എന്നിവിടങ്ങളിൽ താഴത്തെ നിലയിൽ പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗവുമായി ആലോചിച്ച് ഇതിനുള്ള സൗകര്യം ഏർപ്പെടുത്താൻ പി.ആർ.ഡി ഡയറക്ടറെ ചുമതലപ്പെടുത്തും. സുരക്ഷാ നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണു നടപടിയെന്നാണ് വിശദീകരണം. മാദ്ധ്യമങ്ങൾക്ക് വിലക്കില്ലെന്നും ചില ക്രമീകരണം മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. എ.കെ. ശശീന്ദ്രനുൾപ്പെട്ട ഫോൺവിളിക്കേസ് അന്വേഷിച്ച ആന്റണി കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നാണ് വിശദീകരണം.