പോത്തൻകോട്: വട്ടപ്പാറ ശീമവിളമുക്കിൽ ഉഗ്രശബ്ദത്തോടെ ഭൂമി ഇടിഞ്ഞുതാഴ്ന്നത് നാട്ടുകാരെ ആശങ്കയിലാക്കി. ഇന്നലെ രാവിലെ വട്ടപ്പാറ ശീമവിള കിഴക്കേക്കര രാജീവ് വിലാസത്തിൽ രാജീവിന്റെ വീടിനോട് ചേർന്ന പുരയിടത്തിലാണ് സംഭവം. പുലർച്ചെ ഉഗ്രശബ്‍ദത്തോടെയാണ് പുരയിടത്തിലെ മരങ്ങൾ ഉൾപ്പെടെ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയത്. 48 സെന്റ് സ്ഥലത്തിന്റെ ഒരുവശത്താണ് അപകടം. ശബ്ദം കേട്ടെത്തിയ വീട്ടുകാരും സമീപവാസികളും 40 അടിയോളം വരുന്ന റബർ മരങ്ങൾ ഒന്നോടെ താഴ്ന്നുപോകുന്നതാണ് കണ്ടത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തരായി ഓടിമാറി. തുടർന്ന് വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തി സുരക്ഷാനടപടികൾ സ്വീകരിച്ചു. വൈകിട്ട് 5 ഓടെ ഭൗമശാസ്ത്ര വിഭാഗവും ഭൂഗർഭ ജലവിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഭൂമിക്കടിയിലെ ചില മേഖലകളിൽ വെള്ളം ശേഖരിക്കപ്പെട്ടപ്പോഴുണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് ഈ പ്രതിഭാസമെന്നും ഇനിയും ഇടിഞ്ഞുതാഴാൻ സാദ്ധ്യതയുള്ളതിനാൽ സ്ഥലവാസികൾ ജാഗ്രത പാലിക്കണമെന്നും കൂടുതൽ പരിശോധനകൾ പ്രദേശത്ത് നടത്തുമെന്നും ഹൈഡ്രോ ജിയോളജിസ്റ്റ് അൻസീന പറഞ്ഞു.