ലണ്ടൻ : യൂറോപ്പിലെ രണ്ടാം ഡിവിഷൻ ഫുട്ബാൾ ലീഗായ യൂറോപ്പ ലീഗിന്റെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിൽ വൻവിജയങ്ങളുമായി ഇംഗ്ളീഷ് ക്ളബുകളായ ചെൽസിയും ആഴ്സനലും.
ചെൽസി എതിരില്ലാത്ത നാലുഗോളുകൾക്ക് ഗ്രീക്ക് ക്ളബ് പാവോക്കിനെ കീഴടക്കിയപ്പോൾ ആഴ്സനൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഉക്രേനിയൻ ക്ളബ് വോഴ്സ് ക്ളാ പോൾട്ടാവയെയാണ് കീഴടക്കിയത്.
സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളടിച്ച ഒലിവർ ഗിറൗഡും ഒാരോ ഗോൾവീതം നേടിയ ഹഡ്സൺ ഒഡോയ്, അൽവാരോ മൊറാട്ട എന്നിവരുമാണ് ചെൽസിക്ക് വിജയം നൽകിയത്. 27-ാം മിനിട്ടിൽ ഗിറൗഡിലൂടെയാണ് ചെൽസി സ്കോറിംഗ് തുടങ്ങിവച്ചത്. 37-ാം മിനിട്ടിൽ ഗിറൗഡ് രണ്ടാം ഗോളും നേടി. ആദ്യപകുതിയിൽ ഇൗ ഗോളുകൾക്ക് ചെൽസി ലീഡ് ചെയ്തു.
60-ാം മിനിട്ടിലാണ് ഹഡ്സൺ ഒഡോയ് സ്കോർ ചെയ്തത്. ചെൽസിയുടെ കുപ്പായത്തിൽ ഒഡോയിയുടെ ആദ്യ ഗോളായിരുന്നു ഇത്. 78-ാം മിനിട്ടിൽ മൊറാട്ട പട്ടിക പൂർത്തിയാക്കി.
ഇൗ വിജയത്തോടെ അഞ്ച് മത്സരങ്ങളിൽനിന്ന് 15 പോയിന്റുമായി ചെൽസി എൽ ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്താണ് ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ച ചെൽസിക്ക് നോക്കൗട്ട് റൗണ്ടിന് മുമ്പ് ഒരു മത്സരംകൂടി അവശേഷിക്കുന്നുണ്ട്.
ഉക്രേനിയൻ ക്ളബിന്റെ തട്ടകത്തിലെത്തിയ ആഴ്സനൽ മികച്ച വിജയത്തോടെ ഇൗ ഗ്രൂപ്പിൽ ഒന്നാമൻമാരായി. 10-ാം മിനിട്ടിൽ സ്മിത്ത് റോവേയിലൂടെയാണ് ആഴ്സനൽ സ്കോറിംഗ് തുടങ്ങിവച്ചത്. 27-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ആരോൺ റാംസെ ഗോളാക്കി മാറ്റി. 41-ാം മിനിട്ടിൽ വില്ലോക്കാണ് മൂന്നാം ഗോളടിച്ചത്.
അഞ്ച് മത്സരങ്ങളിൽ ആഴ്സനലിന്റെ നാലാം വിജയമായിരുന്നു ഇത്. 13 പോയിന്റുള്ള ആഴ്സനൽ നോക്കൗട്ട് പ്രവേശനം ഉറപ്പിച്ചുകഴിഞ്ഞു. 10 പോയിന്റുള്ള സ്പോർട്ടിംഗ് സി.പിയാണ് ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്ത്.
കഴിഞ്ഞദിവസം നടന്ന മറ്റ് മത്സരങ്ങളിൽ ജർമ്മൻ ക്ളബ് എയ്‌ൻട്രാക്ട് ഫ്രാങ്ക്ഫർട്ട് 4-0 ത്തിന് ഫ്രഞ്ച് ക്ളബ് ഒളിമ്പിക് മാഴ്സയെ കീഴടക്കി. മാൽമോയും ജെൻകും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. സ്പാനിഷ് കരുത്തന്മാരായ സെവിയ്യയെ സ്കോട്ടിഷ് ക്ളബ് റേഞ്ചേഴ്സ് ഗോൾ രഹിത സമനിലയിൽ തളച്ചു.
മത്സരഫലങ്ങൾ
ആഴ്സനൽ 3-വോഴ്സ് ക്ള 0
ചെൽസി 4-പാവോക്ക് 0
ഫ്രാങ്ക്ഫർട്ട് 4-മാഴ്സെ 0
റേഞ്ചേഴ്സ് 0-വിയ്യാറയൽ 0
സ്റ്റാൻഡേർഡ് ലീഗ 1-സെവിയ്യ 0
ഇന്നത്തെ പ്രധാന മത്സരങ്ങൾ
ഇംഗ്ളീഷ് പ്രിമിയർ ലീഗ്
മാഞ്ചസ്റ്റർ സിറ്റി Vs ബേൺമൗത്ത്
ലെസ്റ്റ്ർ സിറ്റി Vs വാറ്റ് ഫോർഡ്
ന്യൂകാസിൽ Vs വെസ്റ്റ് ഹാം
മാഞ്ചസ്റ്റർ യുണൈറ്റഡ് Vs സതാംപ്ടൺ
ലാ ലിഗ
സെൽറ്റ ഡി വിഗോ Vs ഹ്യൂയേസ്ക
ഗെറ്റാഫേ Vs എസ്‌പാന്യാേൾ
വയ്യലോയ്ഡ് Vs ലെഗാനെസ്
ഇറ്റാലിയൻ സെരി എ
ഫിയോ റന്റീന Vs യുവന്റസ്
സ്പാൽ Vs എംപോളി