ranji-trophy-cricket-matc
RANJI TROPHY CRICKET MATCH keralam

ആദ്യ ഇന്നിംഗ്സിൽ 63 ന് ആൾ ഒൗട്ടായ കേരളത്തിന്

രണ്ടാം ഇന്നിംഗ്സിൽ 125 റൺസ് ലീഡ്

ക്യാപ്ടൻ സച്ചിൻ ബേബിക്കും (143), വിഷ്ണു വിനോദിനും (155 നോട്ടൗട്ട്) സെഞ്ച്വറികൾ

തിരുവനന്തപുരം : തുമ്പയിൽ മദ്ധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ പരാജയത്തിന്റെ തുമ്പത്തായിരുന്ന കേരളത്തിന്റെ ശക്തമായ തിരിച്ചുവരവ്.

ആദ്യ ഇന്നിംഗ്സിൽ വെറും 63 റൺസിന് ആൾ ഒൗട്ടായ കേരളം രണ്ടാം ഇന്നിംഗ്സിൽ 390/8 എന്ന നിലയിലാണ്. മദ്ധ്യപ്രദേശ് ആദ്യ ഇന്നിംഗ്സിൽ 328 റൺസിന് ആൾ ഒൗട്ടായിരുന്നു.

മത്സരത്തിന്റെ മൂന്നാംദിവസമായ ഇന്നലെ 38/4 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളം ഉറപ്പായിരുന്ന ഇന്നിംഗ്സ് പരാജയത്തിൽ നിന്ന് തിരിച്ചുവരവ് നടത്തിയതിന് പിന്നിൽ നായകൻ സച്ചിൻ ബേബിയുടെയും (143), വെടിക്കെട്ട് വീരനായ വിഷ്ണു വിനോദിന്റെയും (155 നോട്ടൗട്ട്) തകർപ്പൻ സെഞ്ച്വറികളാണ്. ഏഴാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 199 റൺസാണ് കളിയുടെ ഗതി മാറ്റിയെഴുതിയത്.

ഇന്നത്തെ കളികൂടി ശേഷിക്കേ കേരളത്തിന് 125 റൺസിന്റെ ലീഡാണുള്ളത്. രണ്ട് വിക്കറ്റുകൾ കൂടി കൈയിലുള്ള കേരളം പരമാവധി സമയം പിടിച്ചുനിന്ന ശേഷം സമനില പിടിക്കാനാകും ശ്രമിക്കുക.

ഇന്നലെ രാവിലെ 20 റൺസുമായാണ് സച്ചിൻ ബേബി ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയത്. ഒൻപത് റൺസുമായി വി.എ. ജഗദീഷായിരുന്നു കൂട്ട്. ടീം സ്കോർ 80 ലെത്തിയപ്പോൾ ജഗദീഷ് (26) ഹിർവാനിയുടെ പന്തിൽ വിക്കറ്റ് കീപ്പർ നമാൻ ഒാജയ്ക്ക് ക്യാച്ച് നൽകി പുറത്തായി. തുടർന്നിറങ്ങിയ സഞ്ജു സാംസൺ (19) റൺ ഒൗട്ടായപ്പോൾ കേരളത്തിന്റെ സ്കോർ 100/5.

തുടർന്നായിരുന്നു വിസ്മയം സൃഷ്ടിച്ച സച്ചിൻ ബേബി-വിഷ്ണു വിനോദ് കൂട്ടുകെട്ട് പിറന്നത്. ആദ്യ ഇന്നിംഗ്സിൽ തങ്ങളെ തകർത്തുകളഞ്ഞ മദ്ധ്യപ്രദേശ് ബൗളിംഗ് നിരയ്ക്കെതിരെ ഇവർ ശക്തമായി പിടിച്ചുനിന്നു. ചായസമയംവരെ ഇൗ കൂട്ടുകെട്ട് തകർക്കാൻ സന്ദർശകർക്ക് കഴിഞ്ഞില്ല.

നായകന്റെ കരുത്തും ക്ഷമയും വെളിവാകുന്നതായിരുന്നു സച്ചിൻ ബേബിയുടെ ബാറ്റിംഗ്. 211 പന്തുകൾ നേരിട്ട സച്ചിൻ ബേബി 14 ബൗണ്ടറികളും മൂന്ന് സിക്‌സുകളും പായിച്ചു. 77-ാം ഒാവറിലാണ് ജെയിനിന്റെ പന്തിൽ കാർത്തികേയന് ക്യാച്ച് നൽകി സച്ചിൻ ബേബി പുറത്തായത്.

തുടർന്നിറങ്ങിയ അക്ഷയ് കെ.സിയെ (1)യെ കൂട്ടുനിറുത്തി വിഷ്ണു വിനോദ് ടീം സ്കോർ 320 കടത്തി. 20 പന്തുകൾ പിടിച്ചുനിന്ന അക്ഷയ് സെന്നിന്റെ പന്തിൽ ബൗൾഡായ ശേഷം ഇറങ്ങിയ ബേസിൽ തമ്പി 49 പന്തിൽ 30 റൺസുമായി വിഷ്ണുവിന് പിന്തുണ നൽകി.

നാലു ഫോറും ഒരു സിക്സും ബേസിൽ പറത്തിക്കഴിഞ്ഞു.

വിഷ്ണുവിന്റെ രഞ്ജി ട്രോഫിയിലെ കന്നി സെഞ്ച്വറിയാണിത്. എട്ടാമനായി ബാറ്റിംഗിനിറങ്ങിയ വിഷ്ണു 226 പന്തുകളാണ് നേരിട്ടിരിക്കുന്നത്. 28 ബൗണ്ടറികളും ഒരു സിക്സും വിഷ്ണുവിന്റെ ബാറ്റിൽനിന്ന് പറന്നു.

സ്കോർ കാർഡ്

കേരളം ഒന്നാം ഇന്നിംഗ്സ്: 63ന്

ആൾ ഒൗട്ട്

മദ്ധ്യപ്രദേശ് ഒന്നാം ഇന്നിംഗ്സ്:

328 ന് ആൾ ഒൗട്ട്

കേരളം രണ്ടാം ഇന്നിംഗ്സ്

390/8

കേരളത്തിന് 125 റൺസ് ലീഡ്

5

രഞ്ജി ട്രോഫിയിൽ സച്ചിൻ ബേബിയുടെ അഞ്ചാമത്തെ സെഞ്ച്വറിയാണിത്. ക്യാപ്ടനെന്ന നിലയിലെ മൂന്നാമത്തേതും.

രഞ്ജിയിൽ രണ്ട് ഇരട്ട സെഞ്ച്വറികൾ നേടിയിട്ടുള്ള ബാറ്റ്സ്‌‌മാനാണ് സച്ചിൻ ബേബി.

7

വിഷ്ണു വിനോദിന്റെ ആദ്യ രഞ്ജി സെഞ്ച്വറിയാണിത്. രഞ്ജിയിൽ വിഷ്ണുവിന്റെ ആറാമത്തെ മത്സരമായിരുന്നു ഇന്ന്.

58 റൺസായിരുന്നു ഇതിനുമുമ്പുള്ള ഉയർന്ന സ്കോർ.

199

ഏഴാം വിക്കറ്റിൽ വിഷ്ണുവും സച്ചിൻ ബേബിയും കൂട്ടിച്ചേർത്ത റൺസ്. ഏഴാം വിക്കറ്റിലെ കേരളത്തിന്റെ രഞ്ജി പാർട്ട്‌ണർ ഷിപ്പ് റെക്കാഡാണിത്.

2014/15 സീസണിൽ ഹൈദരാബാദിനെതിരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ സച്ചിൻ ബേബിയും കെ.എസ്. മോനിഷും കൂട്ടിച്ചേർത്ത 183 റൺസിന്റെ റെക്കാഡാണ് തുമ്പയിൽ പഴങ്കഥയായത്.